10 ലക്ഷം കന്നിവോട്ടുകള്‍ ചേര്‍ക്കും, യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കും; വാഗ്ദാനവുമായി മദ്യമോചന സഖ്യം

Friday 24 May 2024 9:13 PM IST

തൃശൂര്‍: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ പത്ത് ലക്ഷം കന്നി വോട്ടുകള്‍ എന്ന പ്രഖ്യാപനവുമായി കേരള മദ്യമോചന മഹാസഖ്യം നിലവില്‍ വന്നു. സംസ്ഥാനത്ത് മദ്യനിരോധനത്തിന് അനുകൂല നിലപാടുണ്ടായിട്ടുള്ളത് ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗത്ത് നിന്നാണെന്ന് മഹാസഖ്യം അഭിപ്രായപ്പെട്ടു. ഇടത് മുന്നണി ഭരിക്കുമ്പോള്‍ മദ്യനിരോധനത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നു അവര്‍ കുറ്റപ്പെടുത്തി.

മദ്യനിരോധനത്തിനെതിരെ ഇടത് മുന്നണി പ്രവര്‍ത്തിക്കുന്നത് കാരണം കേരളം എല്ലാ മേഖലയിലും മോശം അവസ്ഥയിലേക്ക് പോകുകയാണെന്നും അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരാതിരിക്കാനാണ് യുഡിഎഫിന് വോട്ട് സ്വരൂപിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഫാ ദേവസി പന്തല്ലൂക്കാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്യവിമോചന സമരസമിതി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ സി.ഐ. അബ്ദുള്‍ ജബാര്‍ അധ്യക്ഷത വഹിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം കേരള സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ അക്ബര്‍ അലി, ജമാ അത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉമര്‍ മുല്ലക്കര, കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. വിഎ. വര്‍ഗീസ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ടിസി. അബ്രഹാം, മദ്യവിമോചന സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇ.എ. ജോസഫ്, സെക്രട്ടറി കെ.എ. മഞ്ജുഷ, ശശി നെട്ടിശേരി എന്നിവര്‍ പ്രസംഗിച്ചു.

നേരത്തേ സമ്മേളന ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കേരള മദ്യമോചന മഹാസഖ്യം ഭാരവാഹികള്‍: അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് (മുഖ്യ രക്ഷാധികാരി), സി.ഐ. അബ്ദുള്‍ ജബാര്‍ (രക്ഷാധികാരി), ഇ.എ. ജോസഫ് (പ്രസിഡന്റ്), പ്രഫ. സുരേന്ദ്രനാഥ്, റോയ് ജോര്‍ജ്, ടി.കെ. മജീദ് (വൈസ് പ്രസിഡന്റുമാര്‍), കെ.എ. മഞ്ജുഷ (ജനറല്‍ സെക്രട്ടറി), സന്ദീപ് മുരുക്കുംതറ, കമറുദ്ദീന്‍ വെളിയംകോട്, ബാലന്‍ തൃത്താല (സെക്രട്ടറിമാര്‍), ശശി നെട്ടിശേരി (ട്രഷറര്‍).

Advertisement
Advertisement