നിരോധനം ലംഘിച്ച് എടക്കൽ ഗുഹയുടെ മുകളിൽ സഞ്ചാരികൾ

Saturday 25 May 2024 12:13 AM IST
എടക്കൽ ഗുഹയുടെ മുകൾ ഭാഗത്ത് നിരോധനം ലംഘിച്ച് എത്തുന്ന സഞ്ചാരികൾ

സുൽത്താൻ ബത്തേരി: ചരിത്ര പ്രസിദ്ധമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകളിൽ മുകൾഭാഗത്തെക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചെങ്കിലും അത് ലംഘിച്ച് ഇവിടേക്കെത്തുന്നത് നൂറുകണക്കിന് സഞ്ചാരികൾ . 2009-ലാണ് ഗുഹയുടെ സംരക്ഷണാർത്ഥം സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചത്. കേന്ദ്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എടക്കൽ ഗുഹയും അമ്പുകുത്തി മലനിരകളും സന്ദർശിച്ചപ്പോഴാണ് ഗുഹയുടെ സംരക്ഷണത്തിനായി കുറെ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഇതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു ഗുഹാ മുകളിലേക്കുള്ള ട്രക്കിംഗ് ഉൾപ്പെടെയുള്ളവയുടെ നിരോധനം. ഗുഹയുടെ ഏറ്റവും മുകൾ ഭാഗത്ത് നിന്ന് ഗുഹയിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി ഗുഹാലിഖിതങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നാശം സംഭവിക്കുമെന്നതിനാലാണ് പിന്നീട് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഈ നിരോധനം നില നിൽക്കെതന്നെയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി ട്രക്കിംഗ് ഉൾപ്പെടെയുള്ളവ മലമുകളിൽ നടക്കുന്നത്.
ഗുഹാമുഖത്ത് നിന്ന് മുകൾ ഭാഗത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ അമ്പുകുത്തി മലനിരയുടെ കിഴക്കൻ ചെരിവിലൂടെയാണ് സഞ്ചാരികൾ മലമുകളിലെത്തുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന ചില റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും മറപിടിച്ച് സഞ്ചാരികളെ എത്തിക്കുന്നത്. നിരോധനം ലംഘിച്ച് മലമുകളിൽ രാത്രിയിൽ തങ്ങിയ ഒരു സംഘത്തിലെ രണ്ടുപേർ കഴിഞ്ഞ വർഷം മലമുകളിൽ നിന്ന് താഴെയുള്ള ഗർത്തത്തിലേക്ക് പതിച്ചിരുന്നു. ഇവരെ അഗ്നി രക്ഷാസേന എത്തിയാണ് രക്ഷിച്ചത് .ഇതോടെ അധികൃതർ കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അമ്പുകുത്തി മലനിരകളുടെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മേൽ ഭാഗം. ഇവിടെ നിന്നാൽ വയനാടിന്റെ ഒട്ടുമുക്കാൽ ഭാഗവും കാണാൻ കഴിയുമെന്നതിനാലാണ് സഞ്ചാരികൾ മേൽഭാഗത്തേക്ക് എത്തുന്നത്. മലമുകളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ച് ഗുഹയേയും അമ്പുകുത്തി മലനിരകളെയും സംരക്ഷിക്കണമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം

Advertisement
Advertisement