കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റില്‍ ഇനി വിട്ടുവീഴ്ചയില്ല, നയം വ്യക്തമാക്കി ഗണേഷ് കുമാര്‍

Friday 24 May 2024 10:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകളുടെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ച അനുവദിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേയ് ഒന്ന് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റുകള്‍ നടത്തുമെന്ന ഉത്തരവിറക്കിയതിന് തൊട്ടടുത്ത ദിവസം മുതലാണ് പ്രതിഷേധം ആരംഭിച്ചത്.

മുമ്പ് നടന്ന ചര്‍ച്ചയില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിരുന്നു. ഒരു എം.വി.ഐ. ഉദ്യോഗസ്ഥനുഉള്ള സ്ഥലത്ത് 40 ടെസ്റ്റും, രണ്ടു ഉദ്യോഗസ്ഥര്‍ ഉള്ള സ്ഥലത്ത് 80 ടെസ്റ്റുകളും നടത്തുമെന്നായിരുന്നു തീരുമാനം. പഴയ രീതിയില്‍ ആദ്യം 'എച്ച്' ടെസ്റ്റും പിന്നീട് റോഡ് ടെസ്റ്റും നടത്തും. മുടങ്ങിയ ദിവസങ്ങളിലെ ടെസ്റ്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് രണ്ടേ മുക്കാല്‍ ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

അംഗീകൃത പരിശീലകര്‍ തന്നെ പഠിതാക്കളുമായി ഡ്രൈവിംഗ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കി ഡ്രൈവിംഗ് ടെസ്റ്റ് നിബന്ധനകള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ക്കുന്നതും ഈ നിബന്ധനയെയാണ്. ഭൂരിഭാഗം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ല. സ്‌കൂള്‍ ലൈസന്‍സില്‍ മാത്രമാണ് ഉണ്ടാവുക. അംഗീകൃത പരിശീലകര്‍ ഹാജരാകണമെന്ന വ്യവസ്ഥ ഡ്രൈവിംഗ് സ്‌കൂളുകാരെ കുഴയ്ക്കുന്നതാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.

ഡ്രൈവിംഗ് സ്‌കൂള്‍ സമരം ഒത്തുതീര്‍പ്പാക്കിയതിന് ശേഷം മന്ത്രി ഗണേഷ് കുമാര്‍ വിശദീകരിച്ച കാര്യങ്ങളെല്ലാം ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരുദ്യോഗസ്ഥന്‍ ദിവസം 40 ഡ്രൈവിംഗ് ടെസ്റ്റാവും നടത്തുക. കെ എസ് ആര്‍ ടി സിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിയ്ക്കുമെന്ന പ്രഖ്യാപനം ഉടന്‍ തന്നെ നടപ്പിലാക്കാനാണ് തീരുമാനം. ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ തിരുവനന്തപുരത്ത് തുടങ്ങാനാണ് നിലവിലെ തീരുമാനം. അടുത്ത മാസം ആറിനകം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.