ഗതാഗത കുരുക്ക് പരിഹരിക്കാൻ അങ്കമാലിയിൽ മന്ത്രിയുടെ പരിശോധന

Saturday 25 May 2024 1:18 AM IST
അങ്കമാലി ടൗണിലെ ഗതാഗതക്കുരുക്ക് മന്ത്രി ഗണേഷ് കുമാർ പരിശോധന നടത്തുന്നു

അങ്കമാലി: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ കരയാംപറമ്പ് ജംഗ്ഷനും അങ്കമാലി അങ്ങാടിക്കടവ് ജംഗ്ഷനും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പരിശോധിച്ചു. മേഖലയിലെ ഗതാഗത പ്രശ്‌നങ്ങൾ റോജി എം. ജോൺ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാതയിലെ സിഗ്നൽ ലൈറ്റുകളുടെ സമയം പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. അങ്കമാലിയിൽ നിന്നു തൃശൂർ ഭാഗത്തേക്ക് പോകാനായി കരയാംപറമ്പ് ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾ സിഗ്നലിൽ തങ്ങാതെ നേരെ തന്നെ കടന്നുപോകാൻ പ്രത്യേക ട്രാക്ക് സ‌ജ്ജീകരിക്കുന്ന കാര്യം ആലോചിക്കാൻ മന്ത്രി നിർദ്ദേശിച്ചു. കരയാംപറമ്പ് ജംക്‌ഷനിൽ ബാരിക്കേഡ് വച്ച് തിരിച്ചു ട്രാക്ക് രൂപപ്പെടുത്തണം. പ്രത്യേക ട്രാക്ക് ഉണ്ടെന്ന വിവരം വാഹനങ്ങളുടെ ഡ്രൈവർമാരെ അറിയിക്കുന്നതിന് ദേശീയപാതയുടെ അരികിൽ ബോർഡുകൾ സ്‌ഥാപിക്കണം. അരീക്കൽ പെട്രോൾ പമ്പിനു സമീപം യു ടേൺ സംവിധാനം ഏർപ്പെടുത്തണമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധിയോട് മന്ത്രി ആവശ്യപ്പെട്ടു. അങ്ങാടിക്കടവ് ജംഗ്ഷനിൽ പെരുമ്പാവൂർ ഭാഗത്തേക്കു ഫ്രീ ലെഫ്റ്റ് സൗകര്യമൊരുക്കും അങ്ങാടിക്കടവ് ജംഗ്ഷൻ മുതൽ അങ്കമാലി സെൻട്രൽ ജംഗ്ഷൻ വരെ ദേശീയപാതയുടെ ഇരുവശങ്ങളിലെയും പാർക്കിങ് കർശനമായി നിരോധിക്കാനും നിയമലംഘനത്തിനെതിരെ പിഴ ഈടാക്കാനും മന്ത്രി നിർദേശിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിനു ക്യാമ്പിൽ നിന്നു പൊലീസുകാരെ വിട്ടുനൽകാൻ ഡിജിപിയോട് ആവശ്യപ്പെടും. റോഡിന്റെ ഷോൾഡർ ഭാഗത്തെ കുഴി മൂടുന്നതിനു നടപടിയെടുക്കണം. തൃശൂർ ഭാഗത്തു നിന്ന് അങ്ങാടിക്കടവ് സിഗ്നൽ എത്തുന്നതിനു മുൻപും കെഎസ്ആർടിസി സ്‌റ്റാൻഡിനു മുന്നിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. വരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ദേശീയ പാതയിലൂടെ നേരെ പോകാനുള്ളതാണ്. ലൈറ്റ് വേണ്ടാത്തിടത്ത് ലൈറ്റ് നീക്കം ചെയ്യുന്നതു സംബന്ധിച്ചു പഠനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ,നഗരസഭാദ്ധ്യക്ഷൻ മാത്യു തോമസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി, ട്രാഫിക് വിദഗ്‌ധൻ ഉപേന്ദ്രനാരായണൻ,​ റസിഡന്റ്സ് അസോസിയേഷൻ അപക്‌സ്‌ ബോഡി പ്രസിഡന്റ് കെ.എ. പൗലോസ്,എന്നിവരും വിവിധ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Advertisement
Advertisement