മദ്യനയ ഇളവിന് കോഴ ആരോപണം,​ ബാറിൽ കുടുങ്ങി ഇടതു സർക്കാരും

Saturday 25 May 2024 4:23 AM IST

 മന്ത്രി രാജേഷിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
 മന്ത്രിയുടെ രാജിക്ക് പ്രതിപക്ഷം

തിരുവനന്തപുരം: രണ്ട് യു.ഡി.എഫ് മന്ത്രിമാരെ വീഴ്ത്തിയ ബാർ കോഴ ആരോപണം മറ്റൊരു രൂപത്തിൽ തിരിച്ചടിച്ചതോടെ ഇടതു സർക്കാർ പ്രതിരോധത്തിലായി. എക്സൈസ് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സഭാസമ്മേളനം തുടങ്ങാനിരിക്കെ കാര്യങ്ങൾ പ്രക്ഷുബ്ധമാകുമെന്നുറപ്പ്.

ഡ്രൈ ഡേ ഒഴിവാക്കലടക്കം മദ്യനയത്തിൽ ഇളവ് കിട്ടണമെങ്കിൽ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നൽകണമെന്ന സംഘടനാ നേതാവിന്റെ വാട്സ് ആപ്പ് സന്ദേശമാണ് സർക്കാരിന്റെ അറിവോടെയെന്ന ആരോപണത്തിന് വഴിതുറന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കാനുള്ള ആലോചന നടക്കുകയാണ്.

ശബ്ദ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡി.ജി.പിക്ക് നൽകിയ കത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ക്രൈം എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ഇന്ന് തീരുമാനിക്കും.

കോഴപ്പിരിവാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ആവശ്യപ്പെട്ടു. രാജിവയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിരോധിച്ചു.

ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് സന്ദേശമയച്ചത്. വ്യാഴാഴ്ച എറണാകുളത്ത് സംഘടനയുടെ എക്സിക്യുട്ടീവ് യോഗം നടന്നിരുന്നു. യോഗസ്ഥലത്തു നിന്നാണെന്ന് വ്യക്തമാക്കിയാണ് ശബ്ദസന്ദേശം.

അനിമോനെ തള്ളിപ്പറഞ്ഞ സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ, സംഘടനയെ പിളർത്താൻ ശ്രമിച്ചതിന് എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നറിയിച്ചു. തലസ്ഥാനത്ത് സംഘടനാ ഓഫീസിനുള്ള പണപ്പിരിവെന്നാണ് വിശദീകരണം.

കൊടുക്കാതെ

സഹായിക്കില്ല

സന്ദേശത്തിന്റെ പ്രസക്തഭാഗമിങ്ങനെ: പ്രസിഡന്റ് ചില കാര്യങ്ങൾ പറഞ്ഞു. പുതിയ പോളിസി ഉടൻ വരും. ഒന്നാം തീയതിയിലെ ഡ്രൈഡെ എടുത്തുകളയും. ഇതൊക്കെ ചെയ്തു തരുന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ടത് കൊടുക്കണം. ഇതുവരെ ഇടുക്കിയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് രണ്ടര ലക്ഷം തന്നത്. നമ്മൾ കൊടുക്കാതെ ആരും സഹായിക്കില്ല.

അന്ന് വീണത്

മാണിയും ബാബുവും

യു.ഡി.എഫ് മന്ത്രിമാരായ കെ.എം. മാണിയുടെയും കെ.ബാബുവിന്റെയും രാജിയിലെത്തിച്ചത് 2014ൽ ബിജുരമേശിന്റെ ബാർകോഴ ആരോപണങ്ങളാണ്. 418 ബാറുകൾ തുറക്കാൻ മാണി ഒരു കോടി വാങ്ങിയെന്ന് ആദ്യ വെളിപ്പെടുത്തൽ. സഭയിൽ മാണിയുടെ ബ‌ഡ്ജറ്റ് അവതരണം തടഞ്ഞുള്ള കൂട്ടയടിയിൽ വരെ കാര്യങ്ങളെത്തി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ 10 കോടി പിരിച്ചുനൽകിയെന്ന് വീണ്ടും ആരോപണം. കോടതി ഇടപെടലിനെത്തുടർന്ന് 2015 നവംബർ 10ന് മാണിയും 2016 ജനുവരി 23ന് ബാബുവും രാജിവച്ചു.

801 ബാറുടമകളിൽ നിന്ന് രണ്ടരലക്ഷം വീതം പിരിച്ച് 20 കോടിയുടെ അഴിമതിക്കാണ് ശ്രമിച്ചത്. മന്ത്രി രാജേഷ് രാജിവയ്ക്കണം

വി.ഡി. സതീശൻ,

പ്രതിപക്ഷ നേതാവ്

പണപ്പിരിവിനിറങ്ങിയാൽ കർശന നടപടിയെടുക്കും. രാജി പ്രശ്നം ഉദിക്കുന്നില്ല. പ്രതിപക്ഷത്തെ സഭയിൽ കാണാം

എം.ബി.രാജേഷ്,

എക്സൈസ് മന്ത്രി

Advertisement
Advertisement