റാങ്ക്‌ലിസ്റ്റുകൾ നോക്കുകുത്തി, കെ.എസ്.ഇ.ബിയിൽ താത്കാലിക നിയമന നീക്കം

Saturday 25 May 2024 12:00 AM IST

തിരുവനന്തപുരം: പുനഃസംഘടനയുടെ പേരിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നിറുത്തിവച്ച കെ.എസ്.ഇ.ബിയിൽ താത്കാലികക്കാരെ നിയമിക്കാൻ നീക്കം. മസ്ദൂർ / ഇലക്ട്രിസിറ്റി വർക്കർ, ലൈൻമാൻ, മീറ്റർ റീഡർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലാണ് താത്കാലിക നിയമനത്തിന് ചെയർമാന്റെ നിർദ്ദേശം.
ചീഫ് എൻജിനിയർ മുതൽ മസ്ദൂർ വരെ 20ലധികം തസ്തികകളിലായി ഈ മാസം മാത്രം 1050ലധികം പേർ ബോർഡിൽനിന്ന് വിരമിക്കുന്നുണ്ട്. വിരമിക്കുന്നതിൽ കൂടുതൽ ഓവർസിയർമാരാണ്. ഈ തസ്തികകളിലെല്ലാം താത്കാലികക്കാരെ നിയമിക്കാനാണ് നീക്കം.
ഫീൽഡിലെ തസ്തികകളിൽ മാത്രം രണ്ടായിരത്തോളം ഒഴിവുണ്ടെന്നാണ് വിവരം. എന്നാൽ രണ്ട് വർഷത്തിലേറെയായി ബോർഡിലേക്ക് പി.എസ്.സി നിയമനങ്ങൾ പരിമിതമാണ്. വിവിധ തസ്തികകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറില്ലെന്ന് മാത്രമല്ല, റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വൈസ് മെമ്മോ അയയ്ക്കേണ്ടതില്ലെന്ന് ബോർഡധികൃതർ പി.എസ്.സിയെ അറിയിക്കുകയും ചെയ്‌തിരുന്നു. സബ് എൻജിനിയർ (സിവിൽ) ഒഴിവുകൾ അറിയിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ കത്തിന്, അടുത്ത മൂന്നുവർഷത്തേക്ക് നിയമനങ്ങൾ നടത്താനാകില്ലെന്നായിരുന്നു ബോർഡിന്റെ മറുപടി.

മീറ്റർ റീഡർ റാങ്ക്‌ലിസ്റ്റിൽ പകുതി നിയമനം നടന്നില്ല

2021 മാ​ർ​ച്ച് 19ന് ​ഇ​റ​ങ്ങി​യ മീറ്റർ റീഡർ റാങ്ക്‌ലി​സ്റ്റി​ലെ 436 പേ​രുടെ ഒഴിവിലേക്ക് 218 പേ​ർ​ക്ക് മാത്രമാണ് നിയമനം നൽകിയത്. സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തോ​ടെ മീ​റ്റ​ർ റീ​ഡ​ർ​മാ​രു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​നത്തിൽ സ്ഥാ​ന​ക്ക​യ​റ്റം വ​ഴി​യു​ണ്ടാ​യ 31 ഒ​ഴി​വു​ക​ളി​ലേ​ക്കും റാ​ങ്ക്‌ലി​സ്റ്റി​ലു​ള്ള​വ​ർ ത​ഴ​യ​പ്പെ​ട്ടു.


നിയമന നിരോധനം അനാവശ്യമെന്ന്

റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനെക്കാൾ കുറച്ച് ജീവനക്കാരാണ് കെ.എസ്.ഇ.ബിയിലുള്ളതെന്നും പുനഃസംഘടനയുടെ പേരിൽ അനാവശ്യമായി നിയമനം നിരോധിച്ചിരിക്കുകയാണെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.

ഈ മാസം വിരമിക്കുന്നവർ

ചീഫ് എൻജിനിയർ-8
ഡെപ്യൂട്ടി ചീഫ് എൻജിനിയർ -17
എക്സിക്യുട്ടീവ് എൻജിനിയർമാർ -33
ഓവർസിയർ - 388
ലൈൻമാൻമാർ -119
മസ്‌ദൂർ - 34

Advertisement
Advertisement