സ്വകാര്യ സർവകലാശാലാ ബിൽ ഉടൻ: മന്ത്രി ബിന്ദു

Saturday 25 May 2024 12:00 AM IST

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലുവർഷ ബിരുദകോഴ്സ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരട് ബിൽ തയ്യാറായിട്ടുണ്ട്. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സർക്കാരിന്റെ നയം മാറ്റമല്ലേ എന്ന വിമർശനം നടത്തുന്നവരുണ്ട്. ലോകം അനുദിനം മാറുന്ന സാഹചര്യത്തിൽ അതിനനുസൃതമായ മാറ്റങ്ങളും അനിവാര്യമാണ്. കർശനമായ മാനദണ്ഡങ്ങളോടെ വിശ്വാസ്യതയുള്ള ഏജൻസികൾക്കായിരിക്കും സ്വകാര്യ വാഴ്സിറ്റി തുടങ്ങാൻ അനുമതി നൽകുക.

മികച്ച കോളേജുകളെ സർവകലാശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന കോൺസ്റ്റിറ്റുവന്റ് കോളേജുകളാക്കും. ഇവിടങ്ങളിൽ സർവകലാശാലകളിലേതിന് സമാനമായ പഠന, ഗവേഷണ സൗകര്യവും അക്കാഡമിക് സ്വാതന്ത്ര്യവുമുണ്ടായിരിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്ധമായ അനുകരണമല്ല കേരളത്തിൽ നടപ്പാക്കുന്ന നാല് വർഷ ബിരുദം. ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള എൻറോൾമെന്റ് 45 ശതമാനത്തിൽ നിന്ന് 75 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. അവസരങ്ങൾ വർദ്ധിച്ചതാണ് വിദേശത്തേക്ക് കുട്ടികൾ പോകാനുള്ള പ്രധാനകാരണം. ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഒരുക്കിയാവും ഇതിനെ പ്രതിരോധിക്കുക.

ഒരു വിദ്യാർത്ഥി വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പി.ജി പഠനത്തിന് ചേർന്ന സംഭവം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനാണ് മാദ്ധ്യമങ്ങൾ ഉപയോഗിച്ചത്. കുട്ടി വ്യക്തിപരമായി നടത്തിയ തെറ്റാണ് സംഭവത്തിന് കാരണം. കേരളത്തിലെ സർവകലാശാലയുടെ സർട്ടിഫിക്കറ്റല്ല വ്യാജമായി നിർമിച്ചതെന്നും മന്ത്രി പറഞ്ഞു.

പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അദ്ധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെൽ റിസർച്ച് ഓഫീസർമാരായ ഡോ. ഷെഫീഖ് വടക്കൻ, ഡോ.കെ. സുധീന്ദ്രൻ, പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളായ അനുപമ ജി. നായർ, ജി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement