എൻ.ഐ.ടിയിൽ വരുന്നു, 71.85 കോടിയുടെ ലേഡീസ് ഹോസ്റ്റൽ

Saturday 25 May 2024 12:26 AM IST
അത്യാധുനിക ലേഡീസ് ഹോസ്റ്റൽ നിർമ്മിക്കാൻ കോഴിക്കോട് എൻ.ഐ.ടി യും സി.പി ഡബ്ല്യു.ഡിയും ധാരണാപത്രം ഒപ്പുവച്ചപ്പോൾ

 എൻ.ഐ.ടിയും സി.പി.ഡബ്ല്യു.ഡിയും ധാരണാപത്രം ഒപ്പുവച്ചു

കോഴിക്കോട്: ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വനിതാ ഹോസ്റ്റൽ നിർമാണത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റും (എൻ.ഐ.ടി.സി) കേന്ദ്ര പൊതുമരാമത്ത് വകുപ്പും (സി.പി.ഡബ്ല്യു.ഡി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഒരു മുറിയിൽ രണ്ടു വിദ്യാർത്ഥികൾ വീതം 760 പേർക്ക് താമസിക്കാൻ സാധിക്കുന്നരീതിയിലാണ് ഹോസ്റ്റൽ രൂപകല്പന ചെയ്തിരിക്കുന്നത്.
നിർമാണം പൂർത്തീകരിക്കാൻ 71.85 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ തുക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹായത്തോടെ ഹയർ എഡ്യൂക്കേഷൻ ഫൈനാൻസിംഗ് ഏജൻസി (ഹെഫാ) യിൽ നിന്ന് ലോൺ എടുത്താണ് പദ്ധതി പൂർത്തിയാക്കുക. വിദ്യാർത്ഥികളുടെ ജീവിതാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് എൻ.ഐ.ടി.സി അധികൃതർ പ്രതിജ്ഞാബദ്ധരാണെന്നും നിർമാണ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഹോസ്റ്റൽ മികച്ച ഒരു കാമ്പസ് അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും കോഴിക്കോട് എൻ .ഐ. ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു.

കോഴിക്കോട് എൻ .ഐ. ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം ഡീൻ പ്രൊഫ. പ്രിയ ചന്ദ്രൻ, അസോസിയേറ്റ് ഡീൻമാരായ ഡോ. ബിമൽ പി., ഡോ. അനന്ത സിംഗ് ടി. എസ്., എക്‌സിക്യൂട്ടീവ് എൻജിനീയർ എം. വിശ്വനാഥൻ, സി.പി.ഡബ്ല്യു.ഡിയിലെ അസിസ്റ്റന്റ് എൻജിനീയർ വിനോദ് ആർ. എന്നിവരുടെ സാന്നിദ്ധ്യത്തിൽ സി.പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ പി. കെ. ജോസ്, കോഴിക്കോട് എൻ .ഐ. ടിയിലെ സൂപ്രണ്ടിംഗ് എൻജിനീയർ എസ്. ശ്രീനിഷ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Advertisement
Advertisement