അമേരിക്കൻ ഉപരി പഠന സാദ്ധ്യതകളും വിവിധ സ്കോളർഷിപ്പുകളും

Saturday 25 May 2024 12:00 AM IST

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് അടങ്ങുന്ന STEM കോഴ്‌സുകൾ പഠിക്കാനാണ് മുഖ്യമായും വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തുന്നത്. ഈ മേഖലയിൽ പ്രാവീണ്യമുള്ളവരുടെ ക്ഷാമം അമേരിക്കയിൽ 50 ശതമാനത്തിലേറെയാണ്. അതിനാൽ ഉപരിപഠന, ഗവേഷണ മേഖലകളിൽ STEMകോഴ്‌സുകൾ പഠിക്കാൻ അവസരങ്ങളേറെയാണ്. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച സാങ്കേതിക വിദ്യ, ഗവേഷണ മികവ്, ഭൗതിക സൗകര്യങ്ങൾ, പുത്തൻ കോഴ്‌സുകൾ, ഇനവേഷൻ മുതലായവ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

ബഡ്ജറ്റിംഗ് പ്രധാനം

..................................

അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികളിൽ 77 ശതമാനം പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ പഠിക്കുമ്പോൾ 23 ശതമാനം സ്വകാര്യ സർവകലാശാലകളെയാണ് ആശ്രയിക്കുന്നത്. നാലുവർഷ ബിരുദ പ്രോഗ്രാമിൽ പബ്ലിക്, സ്വകാര്യ സർവകലാശാലകളിലെ ഫീസ് യഥാക്രമം 9349, 32769 ഡോളറാണ്. അതായത്, സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ ട്യൂഷൻ ഫീസിൽ ഭീമമായ വർദ്ധനവുണ്ട്. അമേരിക്കയിൽ ബിരുദം പൂർത്തിയാക്കി തൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിന്റെ പകുതിയും വിദ്യാഭ്യാസ ലോൺ തിരിച്ചടവിനാണ് വിനിയോഗിക്കുന്നത്. അമേരിക്കയിലെ ഏഷ്യൻ വിദ്യാർത്ഥികളിലെ കടബാദ്ധ്യത 2016 ലെ 47.8 ശതമാനത്തിൽ നിന്ന് 2021 ൽ 66.3 ശതമാനമായി ഉയർന്നിട്ടുണ്ട്.

യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് എജ്യുക്കേഷൻ, യു.എസ് ബ്യൂറോ ഒഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത് അമേരിക്കയിൽ വിദ്യാർത്ഥികളുടെ കടബാദ്ധ്യത വർദ്ധിക്കുന്നുവെന്നാണ്. ജീവിതച്ചെലവിലും ഫീസിലും കുത്തനെയുണ്ടാകുന്ന വർദ്ധനവ് ഉന്നത പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു. സ്‌കോളർഷിപ്/ഫെല്ലോഷിപ്പ്/അസിസ്റ്റന്റ്ഷിപ് എന്നിവയില്ലാതെ വീട്ടിൽ നിന്നും പണം കണ്ടെത്തിയോ ബാങ്ക് വായ്പയെടുത്തോ പഠിക്കുക എന്നത് ശരാശരി വിദ്യാർത്ഥികളെ സംബന്ധിച്ച് അപ്രാപ്യമാണെന്നു ചുരുക്കം. പാർട്ട്ടൈം തൊഴിലിനെ മാത്രം ആശ്രയിച്ചുള്ള ബഡ്ജറ്റിംഗും അപ്രായോഗികമാണ്.

സ്കോളർഷിപ്പുകൾ

...........................................

വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട പണം എങ്ങനെ ഉറപ്പുവരുത്താമെന്നതാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർടൈം സ്‌കോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളിലും വിവിധ സ്‌കോളർഷിപ്പുകളോ സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്‌കോളർഷിപ്പുകൾ, മെരിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്‌കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.

സ്‌കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ നിശ്ചിത തീയതിക്കകം അപേക്ഷിക്കണം. അതിനുമുമ്പ് തന്നെ പഠിക്കുന്ന സ്ഥാപനത്തിലെ അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചിരിക്കണം. ഓരോ യൂണിവേഴ്‌സിറ്റിക്കും അവസാനതീയതി വ്യത്യാസപ്പെട്ടിരിക്കും. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലെ സ്‌കോളർഷിപ് പേജ് കൃത്യമായി ഉപയോഗിച്ചാൽ പൂർണ വിവരങ്ങൾ, യോഗ്യത എന്നിവ അറിയാം.

യൂണിവേഴ്സിറ്റികളും പ്രതിസന്ധിയിൽ

...................................................

ആഗോള തലത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ജീവിതച്ചെലവ് കൂടിയതും സാമ്പത്തിക മാന്ദ്യവും വിദേശ സർവകലാശാലകളിലെ സുസ്ഥിര സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യു.കെ, കാനഡ, ഓസ്‌ട്രേലിയൻ രാജ്യങ്ങളിലെ സർവകലാശാലകളിൽ. ഈ പ്രതിസന്ധി മറികടക്കാൻ ടൂഷൻ ഫീസ് ഉയർത്തിയെങ്കിലും വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് പ്രശ്നംരൂക്ഷമാക്കി.

ജീവിതച്ചെലവ് കുറവുള്ള രാജ്യങ്ങളിൽ കാമ്പസ് തുടങ്ങിയാണ് പല സർവകലാശാലകളും ഈ വിഷമഘട്ടത്തെ മറികടക്കാൻ ശ്രമിക്കുന്നത്. അടുത്തയിടെയാണ് ലോക റാങ്കിംഗിൽ മുൻനിരയിലുള്ള കൊറിയൻ സർവ്വകലാശാലകൾ ജീവിതച്ചെലവ് കുറവുള്ള മറ്റു രാജ്യങ്ങളിൽ കാമ്പസ് തുടങ്ങിയത്. ലാൻകാസ്റ്റർ യൂണിവേഴ്‌സിറ്റി ഇന്തോനേഷ്യയിൽ കാമ്പസ് തുടങ്ങിയതും ഓക്‌സ്‌ഫോർഡ് സർവകലാശാല സയൻസ്-ഹ്യുമാനിറ്റീസ് ഇന്റർ ഡിസിപ്ലിനറി ബ്രിഡ്ജ് കോഴ്‌സാരംഭിച്ചതും ഇതിനു തെളിവാണ്. ഭാവിയിൽ വരാനിരിക്കുന്ന റിസ്‌ക് സാദ്ധ്യത വിലയിരുത്തിയാണ് നിരവധി ജർമ്മൻ, റഷ്യൻ, ചൈനീസ്, ഓസ്‌ട്രേലിയൻ സർവകലാശാലകൾ അന്താരാഷ്ട്ര സഹകരണത്തിനൊരുങ്ങുന്നത്. മാറുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്കും വരാനിടയുണ്ട്.

വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ രാജ്യത്തെയും വസ്തുതകൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നന്നായി വിശകലനം ചെയ്യണം.

(പരമ്പര അവസാനിച്ചു)

Advertisement
Advertisement