വായ്പാനുമതി: അനങ്ങാതെ കേന്ദ്രം; ആശങ്കയിൽ കേരളം

Saturday 25 May 2024 4:30 AM IST

□ധനകാര്യ സെക്രട്ടറി ഡൽഹിക്ക്

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം രണ്ടു മാസം പിന്നിട്ടിട്ടും വായ്പയുടെ കാര്യത്തിൽ പ്രതികരിക്കാത്ത കേന്ദ്ര നിലപാടിൽ സംസ്ഥാനത്തിന് ആശങ്ക. രണ്ടു തവണ സംസ്ഥാനം കത്തയച്ചെങ്കിലും കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ ജൂണിൽ ശമ്പളവും പെൻഷനും നൽകൽ പ്രതിസന്ധിയിലാവും.

കേന്ദ്രത്തെ അനുനയിപ്പിച്ച് വായ്പാനുമതി നേടിയെടുക്കാൻ സംസ്ഥാന ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ഡൽഹിക്ക് തിരിച്ചതായാണ് അറിവ്. .

മേയ് മാസത്തിൽ 16000ത്തിലേറെ ജീവനക്കാർ വിരമിക്കും. അവർക്കുള്ള ആനുകൂല്യങ്ങളും നൽകണം.

സാധാരണ, ഏപ്രിൽ മാസത്തിൽ വായ്പാ ലഭ്യതയെ കുറിച്ചുള്ള അറിയിപ്പ് കേന്ദ്രം നൽകുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം മാസാമാസം വായ്പയെടുക്കുക. ഇക്കുറി അതുണ്ടായില്ല. തൽക്കാല അനുമതിയെങ്കിലും നൽകണമെന്ന അഭ്യർത്ഥനയും കേന്ദ്രം കണക്കിലെടുത്തിട്ടില്ല. വായ്പാ നിയന്ത്രണത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയാണോയെന്നും സംശയിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ നൽകിയ കേസ് ഭരണഘടനാബഞ്ചിന് വിട്ടിരിക്കുകയാണ്

മേയ് മാസം തീരാൻ ഇനി അഞ്ചു ദിവസം. ചൊവ്വ,വെള്ളി ദിവസങ്ങളിലാണ് റിസർവ്വ് ബാങ്ക് മുഖേന വായ്പയെടുക്കാനാകുക. ചൊവ്വാഴ്ചകളിലാണ് കേരളം വായ്പയെടുക്കുന്നത്. ഇതുവരെ കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് കിട്ടാത്ത സാഹചര്യത്തിൽ അടുത്ത ചൊവ്വാഴ്ച വായ്പയെടുക്കാൻ കഴിയുമോയെന്ന് ഉറപ്പില്ല. 5000 കോടിയെങ്കിലും ഈ മാസം വായ്പയെടുക്കേണ്ടിവരും.

Advertisement
Advertisement