പച്ച പിടിച്ച് എറണാകുളത്തെ പച്ചത്തുരുത്തുകൾ

Saturday 25 May 2024 12:33 AM IST

കൊച്ചി: എറണാകുളം ജില്ലയിൽ ഒരുക്കിയത് 120 പച്ചത്തുരുത്തുകൾ. 16.68 ഏക്കർ സ്ഥലം ഹരിതാഭമാക്കിയാണ് പച്ചത്തുരുത്തുകൾ പുനരുജ്ജീവിപ്പിച്ചത്. ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളി നേരിടാനും ഫലവൃക്ഷങ്ങൾ ഉൾപ്പെടെ മരങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തുന്നതിനും ഹരിതകേരളം മിഷൻ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.

405 തദ്ദേശസ്ഥാപനങ്ങളിൽ 1000 പുതിയ പച്ചത്തുരുത്തുകൾ കൂടി സൃഷ്ടിക്കാൻ 227 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. 856 ഏക്കർ സ്ഥലത്ത് 2,950 പച്ചത്തുരുത്തുകൾ മുമ്പുണ്ടായിരുന്നു. ഇവയിൽ 2,367 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. പരിചരണം ഇല്ലാതെയും വെള്ളപ്പൊക്കാത്തിലും മറ്റുമാണ് പലതും നശിച്ചത്.
പ്രാദേശിക ജൈവവൈവിദ്ധ്യസംരക്ഷണം ലക്ഷ്യമിട്ട് തരിശുഭൂമിയിൽ മരങ്ങളും ഫലവൃക്ഷങ്ങളും വനമാതൃകയിൽ നടുന്നതാണ് പച്ചത്തുരുത്ത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളും മരങ്ങളും ഫലവൃക്ഷങ്ങളും പ്രാദേശികമായി കണ്ടെത്തി നട്ട് പരിപാലിക്കും.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പച്ചതുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അര സെന്റ് മുതൽ വിസ്തൃതിയുള്ള ഭൂമിയിലാണ് പച്ചത്തുരുത്തുകൾ.
ജൈവവൈവിദ്ധ്യ ബോർഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണം ലഭ്യമാക്കും. തൊഴിലുറപ്പ് പദ്ധതികൾ മുഖേനയാണ് ഇവയുടെ പരിപാലനം.

മുന്നിൽ കാസർകോട്

ഏറ്റവുമധികം പച്ചത്തുരുത്തുകൾ സ്ഥാപിച്ചത് കാസർകോട് ജില്ലയിലാണ്. 146.70 ഏക്കറിലായി 657 എണ്ണം സ്ഥാപിച്ചു. കുറവ് വയനാട്ടിലും. 21.19 ഏക്കറിൽ 63 എണ്ണം. ഏറ്റവും വലിയ പച്ചത്തുരുത്ത് കണ്ണൂർ മുഴക്കുന്നത്താണ്. 136 ഏക്കർ.

പരിസ്ഥിതി ദിനം മുതലാണ് ക്യാമ്പയിൻ. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും പൊതുജന പങ്കാളിത്തത്തോടെ ഓരോ പച്ചത്തുരുത്ത് ആരംഭിക്കും.

എസ്.യു. സഞ്ജീവ്

അസിസ്റ്റന്റ് കോ ഓർഡിനേറ്റർ

കൃഷി, പരിസ്ഥിതി

ഹരിത കേരളം മിഷൻ

Advertisement
Advertisement