ദേശീയപാതയിലെ അനാവശ്യ സിഗ്നൽ ജംഗ്ഷൻ ഒഴിവാക്കും

Saturday 25 May 2024 2:39 AM IST

ചാലക്കുടി: വാഹനയാത്രയ്ക്ക് കാലതാമസമുണ്ടാക്കുന്ന ദേശീയപാതയിലെ അനാവശ്യ സിഗ്‌നൽ ലൈറ്റ് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ. മണ്ണുത്തി മുതൽ കളമശേരി വരെയുള്ള ദേശീയപാതയിലെ ഗതാഗതപ്രശ്‌നം പരിശോധിക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബദൽ സംവിധാനമെന്ന നിലയിൽ കൂടുതൽ യൂടേൺ ഒരുക്കും. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശമനുസരിച്ച് വേഗത്തിൽ പരിഹാരം കാണും. റോഡ് മുറിച്ചു കടക്കുന്നത് വാഹന യാത്രയിൽ കാലതാമസത്തിന് ഇടയാക്കുമെന്ന് മാത്രമല്ല, വലിയ അപകടങ്ങൾക്കും വഴി വയ്ക്കും. നിരത്തിൽ വാഹനങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിഹാരങ്ങൾ മിന്നൽ വേഗത്തിലുമാകും. ബദൽ സംവിധാനത്തിന് നിരവധി നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇവ എങ്ങനെ ശാസ്ത്രീയമായി നടപ്പാക്കാനാകുമെന്ന് ദേശീയപാത അധികൃതരും തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കും.

ട്രാഫിക് സിഗ്‌നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ്‌ കുമാറിന്റെ യാത്ര. ദേശീയപാതയിൽ ഏറ്റവും കൂടുതൽ സിഗ്‌നലുകളിൽ കാത്തുകിടക്കേണ്ടി വരുന്ന തൃശൂർ - അരൂർ പാതയിലാണ് പ്രശ്‌നപരിഹാരത്തിനായി മന്ത്രി ഇറങ്ങിയത്. ചാലക്കുടി പോട്ടയിൽ നിന്നും അതിരപ്പിള്ളിയിലേയ്ക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ഗുരുതരാവസ്ഥ ഗണേഷ്‌കുമാർ കണ്ടു. നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദ്ദേശം മന്ത്രി നൽകി. സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്ജ് എന്നിവർ ചാലക്കുടിയിലെ ഗതാഗത പ്രശ്‌നം മന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ദേശീയ പാത, പൊതുമരാമത്ത് ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി.

Advertisement
Advertisement