ജോയിന്റ് എം.ഡിയും അവധിയിലേക്ക് നാഥനില്ലാതെ ജല അതോറിട്ടി, പ്രവർത്തനം അവതാളത്തിൽ

Saturday 25 May 2024 4:46 AM IST

തിരുവനന്തപുരം: മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചതിന് പിന്നാലെ ജോയിന്റ് എം.ഡിയും അവധിയെടുക്കുന്നതോടെ ജല അതോറിട്ടി നാഥനില്ലാ കളരിയാകും. പദ്ധതി പ്രവർത്തനങ്ങളടക്കം അവതാളത്തിലാകും. ജൂൺ മൂന്നുമുതലാണ് ജോയിന്റ് എം.ഡി ദിനേശൻ ചെറുവത്ത് അവധിയിൽ പ്രവേശിക്കുന്നത്. ഇരുവരുടെയും അഭാവത്തിൽ ചുമതല വഹിക്കേണ്ട ടെക്‌നിക്കൽ മെമ്പർ എസ്.സേതുകുമാർ 31ന് വിരമിക്കും. പകരം നിയമന നടപടികൾ തുടങ്ങിയിട്ടില്ല.

അവധിയിൽ പ്രവേശിക്കുന്നതുവരെ ജോയിന്റ് എം.ഡിക്ക് എം.ഡിയുടെ ചുമതല കൈമാറേണ്ടതാണെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. എം.ഡിയുടെ താത്കാലിക ചുമതല വാട്ടർ അതോറിട്ടി സെക്രട്ടറിക്കും കൈമാറിയിട്ടില്ല. അതിനാൽ നയപരമായ തീരുമാനങ്ങളടക്കം എടുക്കാനാവാത്ത സ്ഥിതിയാണ്.

ജലജീവൻ മിഷൻ,​ അമൃത്,​ കിഫ്ബി തുടങ്ങിയവ വഴിയുള്ള 50,​000 കോടിയുടെ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തെയും ബാധിക്കും. എം.ഡിയുടെ അഭാവത്തിൽ

ജലജീവൻ മിഷന്റെ പതിവ് അവലോകന യോഗങ്ങളും മുടങ്ങി. 2024ൽ മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി 40% മാത്രമാണ് ഇതുവരെ പൂർത്തിയായത്.

ജല അതോറിട്ടി ഭരണ നിർവഹണത്തിന് ചുക്കാൻ പിടിക്കുന്നത് ചെയർമാൻ, എം.ഡി, ജോയിന്റ് എം.ഡി എന്നിവരാണ്. ചെയർമാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ അദ്ധ്യക്ഷനാവുന്നത്. ദൈനംദിന കാര്യങ്ങൾ എം.ഡി നോക്കും. പദ്ധതികൾ വേഗത്തിലാക്കാനുള്ള ചുമതലയാണ് ജോയിന്റ് എം.ഡിക്ക്. ജോയിന്റ് എം.ഡിയായ ദിനേശൻ ചെറുവത്തിന് ജലനിധി എക്സിക്യുട്ടീവ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയുമുണ്ട്.

അക്കൗണ്ട്സ് മെമ്പറുമില്ല

ജലഅതോറിട്ടി ധനകാര്യ വിഭാഗത്തിന്റെ കാര്യങ്ങൾ ബോർഡ് യോഗത്തിൽ അവതരിപ്പിക്കേണ്ട അക്കൗണ്ട്സ് മെമ്പറുടെ തസ്തിക 2021 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ജലജീവൻ, മറ്റ് പ്രോജക്ടുകൾ എന്നിവയുടെ ഫണ്ട് വിനിയോഗമടക്കം നടത്തേണ്ടത് അക്കൗണ്ട്സ് മെമ്പറാണ്.

Advertisement
Advertisement