നഴ്സിംഗ് കോളേജ് അഫിലിയേഷൻ: പരിശോധന ;മലക്കം മറിഞ്ഞ് സർക്കാർ

Saturday 25 May 2024 2:49 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഈ വർഷം നഴ്സിംഗ് കൗൺസിലിന്റെ ഇൻസ്‌‌പെക്ഷൻ കൂടാതെ അഫിലിയേഷൻ പുതുക്കി നൽകാമെന്ന് മാനേജ്മെന്റുകൾക്ക് ഉറപ്പ് നൽകിയ സർക്കാർ മലക്കം മറിഞ്ഞു. ഇൻസ്‌പെക്ഷൻ നടപടികൾ പൂർത്തീക്കാനുള്ള ക്രമീകരണം സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് നഴ്സിംഗ് കൗൺസിലിന് കത്തു നൽകി.

ഇൻസ്‌പെക്ഷനില്ലാതെ അഫിലിയേഷൻ പുതുക്കാനാകില്ലെന്ന നിലപാടെടുത്ത് മന്ത്രിയുമായി ഏറ്റുമുട്ടുന്ന നഴ്സിംഗ് കൗൺസിൽ, സർക്കാരിന്റെ കത്ത് മുതലാക്കി .ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തെ തുടർന്ന് ഇൻസ്‌പെക്ഷനെ കുറിച്ച് ഒന്നും മിണ്ടാതെ മറുപടി നൽകി.കോളേജുകളുടെ പ്രോസ്‌പെക്ടസ് അഡ്മിഷൻ സൂപ്പർവൈസറി ആൻഡ് ഫീസ് റഗുലേറ്ററി കമ്മീഷന് അംഗീകരിക്കുന്നതിന് മാത്രം ഉപാധികളോടെ അഫിലിയേഷൻ നൽകാമെന്നാണ് കമ്മീഷൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. പ്രവേശനം സംബന്ധിച്ച് തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഈ അഫിലിയേഷൻ മതിയാകില്ല.

ബുധനാഴ്ചയാണ് മാനേജ്മെന്റുകളുമായുള്ള മന്ത്രി വീണാ ജോർജിന്റെ യോഗത്തിൽ ഇൻസ്‌പെക്ഷൻ കൂടാതെ അഫിലിയേഷൻ പുതുക്കാനുള്ള നടപടി സ്വീകരിക്കാൻ നഴ്സിംഗ് കൗൺസിൽ രജിസ്റ്റാർക്ക് വാക്കാൽ നിർദ്ദേശം നൽകിയത്. എന്നാൽ കത്ത് നൽകിയപ്പോഴാണ് നിലപാടിൽ നിന്ന് പിന്നോട്ട് പോയത്.മാർച്ച് 18ന് നഴ്സിംഗ് കൗൺസിൽ അംഗങ്ങളും മന്ത്രി വീണാ ജോർജ്ജും തമ്മിൽ ഏറ്റുമുട്ടിയ യോഗത്തിന് പിന്നാലെ ഇൻസ്‌പെക്ഷൻ താത്കാലികമായി നിറുത്തിവയ്ക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് കൗൺസിൽ എല്ലാ നടപടികളും നിറുത്തി വച്ചു.

ജി.എസ്.ടി ഒഴിവാക്കലിലും

അനിശ്ചിത്വം

പ്ലസ്ടു ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനം സംബന്ധിച്ച് കാര്യമായ നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി മാനേജ്മെന്റുകളുടെ യോഗം വിളിച്ചത്. ജി.എസ്.ടി ഒഴിവാക്കി നൽകാമെന്ന മന്ത്രിയുടെ ഉറപ്പും അനിശ്ചിതത്വത്തിലാണ്. ജി.എസ്.ടി ഒഴിവാക്കിയതായുള്ള അറിയിപ്പ് ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കാതെ ഇളവ് നൽകില്ലെന്നാണ് ആരോഗ്യസർവകലാശാലയുടെ നിലപാട്. ഇക്കാര്യത്തിലും വരും ദിവസങ്ങളിൽ മാത്രമേ വ്യക്തത വരൂ.

Advertisement
Advertisement