ഒടുവില്‍ സഞ്ജുവും രാജസ്ഥാനും വീണു, ഐപിഎല്ലില്‍ കൊല്‍ക്കത്ത - ഹൈദരാബാദ് കലാശപ്പോര്

Friday 24 May 2024 11:28 PM IST

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്റെ ഫൈനല്‍ കാണാതെ പുറത്ത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരബാദ് കലാശപ്പോരിന് യോഗ്യത നേടി. 36 റണ്‍സിനായിരുന്നു വിജയം. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്റെ മറുപടി 139 ന് 7 എന്ന സ്‌കോറില്‍ ഒതുങ്ങി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് എതിരാളികള്‍. 2012 & 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്തയും 2016ല്‍ ഹൈദരാബാദും മുമ്പ് കിരീടമുയര്‍ത്തിയിട്ടുണ്ട്.

സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 175-9 (20), രാജസ്ഥാന്‍ റോയല്‍സ് 139-7

176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വേണ്ടി യശ്വസി ജയ്‌സ്‌വാള്‍ 21 പന്തില്‍ 42 റണ്‍സ് നേടി തകര്‍ത്തടിച്ചു. എന്നാല്‍ മറുവശത്ത് സഹ ഓപ്പണര്‍ ടോം കോഹ്ലര്‍ കാഡ്‌മോര്‍10(16) വേഗത്തില്‍ റണ്‍ കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടി. സഞ്ജു സാംസണ്‍ 10(11), റിയാന്‍ പരാഗ് 6(10) രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ 65ന് ഒന്ന് എന്ന നിലയില്‍ നിന്ന് 17 റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ 92ന് ആറ് എന്ന നിലയിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി.

ഒരുവശത്ത് ധ്രുവ് ജൂറലും മറുവശത്ത് റോവ്മാന്‍ പവലും ബാക്കിയുണ്ടായിരുന്നുവെന്നത് രാജസ്ഥാന് പ്രതീക്ഷയ്ക്ക് വകനല്‍കി. 18ാം ഓവറില്‍ ടി നടരാജന് വിക്കറ്റ് സമ്മാനിച്ച് പവല്‍ മടങ്ങിയതോടെ രാജസ്ഥാന്‍ തോല്‍വി മുന്നില്‍ക്കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടി ധ്രുവ് ജൂറല്‍ തിളങ്ങിയെങ്കിലും അപ്പോഴേക്കും രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാഹുല്‍ തൃപാഥി 37(15), ഹെയ്ന്റിച്ച് ക്ലാസന്‍ 50(34), ട്രാവിസ് ഹെഡ് 34(28) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 12(5), എയ്ഡന്‍ മാര്‍ക്രം 1(2), നിതീഷ് കുമാര്‍ റെഡ്ഡി 5(10), ഷാബാസ് അഹ്മദ് 18(18) പാറ്റ് കമ്മിന്‍സ് 5*(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement
Advertisement