നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ ജൂലായ് 25 വരെ

Saturday 25 May 2024 1:56 AM IST

തിരുവവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം ജൂൺ 10 മുതൽ ജൂലായ് 25 വരെ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണിത്. 28,ദിവസം സഭ സമ്മേളിക്കും. ജൂൺ 10മുതൽ 12വരെ ആദ്യഘട്ടം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ 13 മുതൽ 15വരെ ലോകകേരള സഭ നടക്കുന്നുണ്ട്. ഇതിനും ബക്രീദ് അവധിക്കും ശേഷം 19ന് സമ്മേളനം പുനരാരംഭിക്കും. തുടർന്ന് ശനി, ഞായർ ഒഴികെ ദിവസങ്ങളിൽ സഭ ചേരും. ജൂലായിൽ മുഹറത്തിനും അവധിയാണ്. വകുപ്പു തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ചയ്ക്ക് 13ദിവസം നീക്കിവച്ചു. ഉപധനാഭ്യർത്ഥനയ്ക്കും ധനവിനിയോഗ ബില്ല്, ധനബില്ല് എന്നിവ പാസാക്കുന്നതിനും സമയം നീക്കിവച്ചു.

അത്യാവശ്യമുള്ള ഏതാനും ബില്ലുകളും സഭയുടെ മുന്നിലെത്തും. റവന്യു റിക്കവറി ആക്ട് ഭേദഗതി, ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് ഭേദഗതി, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയ ഭേദഗതി തുടങ്ങിയ ബില്ലുകൾ അവതരിപ്പിക്കും. സഭാ സമ്മേളനത്തിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പും നടക്കും. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

Advertisement
Advertisement