ഹയർ സെക്കൻഡറി സീറ്റ്: 15 ദിവസത്തിനകം നടപടി സ്വീകരിക്കാൻ ഉത്തരവ്

Saturday 25 May 2024 1:15 AM IST

കൊച്ചി: ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് മതിയായ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ 15 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി സ്‌കൂളോ അധിക ബാച്ചോ അനുവദിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് ഹൈക്കോടതി നിർദ്ദേശം. മലപ്പുറം, പാലക്കാട് ജില്ലകളിൽ വേണ്ടത്ര പ്ലസ്ടു സീറ്റുകൾ ലഭ്യമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. അതേസമയം, ഇതുസംബന്ധിച്ച 2016ലെ സർക്കാർ ഉത്തരവിന് അനുസൃതമല്ലാതെ അധിക ബാച്ചുകൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.


2023-24 വർഷം മലബാർ മേഖലയിൽ വിജ്ഞാപനം ചെയ്യാതെ 97 സ്‌കൂളുകളിൽ അധികബാച്ചുകൾ അനുവദിച്ചത് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എ.ആർ.നഗർ സ്‌കൂൾ മാനേജർ ഒ.വി.ഉസ്മാൻ കുരിക്കൾ ഉൾപ്പെടെ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. സർക്കാർ ഇപ്പോഴും ആശയക്കുഴപ്പം നേരിടുന്നതായി കോടതി ചൂണ്ടിക്കാട്ടി.

മലപ്പുറവും പാലക്കാടുമടക്കം മലബാർ മേഖലയിലെ ആറ് ജില്ലകളിൽ സീറ്റുകൾ ആവശ്യമുള്ളതിനെക്കാൾ വളരെ കുറവാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടുണ്ടെന്നും അതിനാലാണ് 15.71 കോടിയുടെ അധിക ബാദ്ധ്യതയുണ്ടായിട്ടും 97 അധിക ബാച്ചുകൾ അനുവദിച്ചതെന്നും സർക്കാർ വാദിച്ചു. എന്നാൽ, കഴിഞ്ഞ വർഷം 15000 സീറ്റുകൾ മലപ്പുറത്ത് മാത്രം വേണമെന്നിരിക്കെ 53 ബാച്ചുകൾ മാത്രമാണ് അനുവദിച്ചതെന്ന് കോടതി വിമർശിച്ചു. സ്‌കൂളുകളെ പ്രത്യേകം കണ്ടെത്താൻ മതിയായ സമയം ലഭിച്ചില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഉത്തരവുകൾ പാലിക്കാതെ 97 അധിക ബാച്ചുകൾ അനുവദിച്ചത് റദ്ദാക്കേണ്ടതാണെങ്കിലും അദ്ധ്യയന വർഷം പൂർത്തിയായ സാഹചര്യത്തിൽ മുതിരുന്നില്ലെന്ന് കോടതി പറഞ്ഞു.

Advertisement
Advertisement