എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ 'പെറ്റി'യടി കുറഞ്ഞു

Saturday 25 May 2024 1:20 AM IST

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്താൻ നിരത്തുകളിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ 'പെറ്റിയടി' നാലിലൊന്നായി കുറഞ്ഞു. ക്യാമറകൾ നിയമലംഘനങ്ങൾ കണ്ടെത്തുന്നു. എന്നാൽ,100 കുറ്റം കണ്ടെത്തുമ്പോൾ 10 മുതൽ 25 വരെ എണ്ണത്തിൽ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആർ.സി ഉടമയ്ക്ക് അയക്കേണ്ടതും കെൽട്രോൺ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെൽട്രോൺ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരിൽ ഭൂരിഭാഗം പേരേയും പിൻവലിച്ചു.

കരാറിലും ഉപ കരാറിലും ഉൾപ്പെടെ അഴിമതി ആരോപണത്തിനിടയാക്കിയ പദ്ധതി കഴിഞ്ഞ ജൂൺ 5നാണ് നടപ്പിലാക്കിയത്.പ്രതിപക്ഷം ആരോപണമുന്നയിച്ചതോടെ മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായുള്ള സമഗ്ര കരാർ നടപ്പിലാക്കുന്നത് വൈകിച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കും നീണ്ട അഴിമതി കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെൽട്രോണിനു നൽകാൻ നവംബർ 18ന് ഹൈക്കോടതി അനുമതി നൽകിയെങ്കിലും തുക ലഭിക്കാൻ വൈകി. രണ്ടാം ഗഡു നൽകാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹർജിക്കാരായ വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ എതിർത്തിരുന്നു.

സ്ഥാപിച്ചത് 726 ക്യാമറകൾ

ജൂൺ അഞ്ചിന് സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്.

ക്യാമറ പ്രവർത്തിച്ചില്ലെങ്കിൽ പിഴ വരുമാനം കുറയും. ക്യാമറ നിശ്ചിത ദിവസങ്ങൾക്കകം നന്നാക്കിയില്ലെങ്കിൽ ദിവസം ആയിരം രൂപ വീതം കെൽട്രോണിനുള്ള തുകയിൽ നിന്ന് കുറയ്ക്കണമെന്നാണ് കരട് കരാറിലെ വ്യവസ്ഥ. ഇത് കെൽട്രോൺ അംഗീകരിച്ചിട്ടില്ല. ഇതിനകം കേടായ ക്യാമറകൾ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

സർക്കാരിന് നഷ്ടമില്ല

പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ചെലവ് 232 കോടി രൂപ.

മൂന്നു മാസത്തിലൊരിക്കൽ കെൽട്രോണിന് നൽകേണ്ട് 11.79 കോടി

സർക്കാരിന് പദ്ധതിയിൽ മുതൽ മുടക്കില്ല, പണം നൽകേണ്ടത് പിഴത്തുകയിൽ നിന്ന്

14 കൺട്രോൾ റൂമുകളായി കെൽട്രോൺ ജീവനക്കാർ 145

39 ലക്ഷം ചല്ലാനുകൾ ജനറേറേറ്റ് ചെയ്തു. 17.5ലക്ഷം ചല്ലാൻ തപാലിൽ അയച്ചു.

പണമില്ലാത്തിനാൽ ചെല്ലാൻ അയയ്ക്കുന്നത് കുറച്ചു

 മുൻപ് 33,000 ചെല്ലാനുകൾ അയച്ചിരുന്നു. ഇപ്പോൾ 10,000ൽ താഴെ

Advertisement
Advertisement