വിദ്യാവാഹനിൽ കുടുങ്ങി സ്കൂൾ ബസ് ഫിറ്റ്നസ്

Saturday 25 May 2024 1:16 AM IST

കൊല്ലം: മോട്ടോർ വാഹന വകുപ്പ് പുതുതായി കൊണ്ടുവന്ന വിദ്യാവാഹൻ ആപ്പിലെ രജിസ്ട്രേഷനിൽ കുടുങ്ങി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന. സ്കൂളുകൾക്ക് വിദ്യാവാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള യൂസർ ഐഡിയും പാസ് വേർഡും ലഭ്യമാക്കാനുള്ള സംവിധാനം മോട്ടാർ വാഹന വകുപ്പ് ഓഫീസുകളിലൊന്നും ക്രമീകരിച്ചിട്ടില്ല.

രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് വിളിക്കാനായി നൽകിയിട്ടുള്ള നമ്പരിൽ കഴിഞ്ഞ ഒരാഴ്ചയായി സ്കൂൾ അധികൃതർ വിളിക്കുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. കഴിഞ്ഞ വർഷവും വിദ്യാവാഹിനി ആപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്തവണയാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.

ഡ്രൈവറുടെയും ക്ലീനറുടെയും മൊബൈൽ നമ്പർ, വിലാസം, ലൈസൻസ്, സഞ്ചരിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ സഹിതം വിലാസം, വാഹനം സഞ്ചരിക്കുന്ന റൂട്ട്, വാഹനത്തിന്റെ വിവിധ സർട്ടിഫിക്കറ്റുകൾ സഹിതമാണ് വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് സഹിതമാണ് ഫിറ്റ്നസ് പരിശോധനയ്ക്കായി അപേക്ഷിക്കേണ്ടത്. മറ്റെല്ലാ സർട്ടിഫിക്കറ്റുകളുമുള്ള സ്കൂൾ ബസുകൾക്ക് വിദ്യാ വാഹനിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഇപ്പോൾ ഫിറ്റ്നസ് പരിശോധനയ്ക്ക് അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്.

രജിസ്ട്രേഷൻ പൂർത്തിയാകാത്തത് തടസം

 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന വെള്ളിയാഴ്ചകളിൽ മാത്രം

 അടുത്ത വെള്ളിയാഴ്ചയ്ക്ക് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനായില്ലെങ്കിൽ അദ്ധ്യയന വർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ സർവീസ് മുടങ്ങും

 പല സ്കൂളുകളിലും സ്കൂൾ ബസ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ നടക്കുന്നതേയുള്ളു

 സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞേ പല സ്കൂളുകളിലും രജിസ്ട്രേഷൻ പൂർത്തിയാകൂ

 അതുകൊണ്ട് തന്നെ സ്കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ വിവരം പൂർണമായി നൽകാൻ അദ്ധ്യയന വർഷം ആരംഭിച്ച് ഒരാഴ്ചയെങ്കിലും വേണ്ടിവരും

? വിദ്യാ വാഹൻ ആപ്പ്

സ്കൂൾ ബസുകളുടെ സഞ്ചാരം രക്ഷിതാക്കൾക്ക് മനസിലാക്കാൻ കഴിയുന്ന ആപ്പാണ് വിദ്യാവാഹൻ. വാഹനങ്ങളിലെ ജി.പി.എസുമായി ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം. രക്ഷിതാക്കൾക്ക് ഒന്നിലധികം സ്കൂൾ വാഹനങ്ങളുടെ സഞ്ചാരം ആപ്പിലൂടെ നിരീക്ഷിക്കാം. ബസ് അമിതവേഗത്തിൽ സഞ്ചരിച്ചാൽ മോട്ടോർ വാഹന വകുപ്പ്, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ എന്നിവർക്ക് സന്ദേശമെത്തും.

വിദ്യാവാഹൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്കൂൾ തുറപ്പിന് മുമ്പ് ലഭിക്കാൻ സാദ്ധ്യത കുറവാണ്.

സ്കൂൾ അധികൃതർ

Advertisement
Advertisement