സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: 200 അദ്ധ്യാപക തസ്തികകളിൽ പി.എസ്.സി നിയമനമില്ല

Saturday 25 May 2024 1:20 AM IST

കൊല്ലം: അദ്ധ്യയന വർഷം ആരംഭിക്കാറായിട്ടും മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്ത ജില്ലയിലെ സർക്കാർ സ്കൂളുകളിലെ ഇരുന്നൂറ് അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താതെ പി.എസ്.സി. എൽ.പി മുതൽ ഹൈസ്കൂൾ വരെ മാത്രമാണ് ഇത്രയധികം ഒഴിവുകളിൽ പി.എസ്.സി അഡ്വൈസ് നടത്താത്തത്.

ജില്ലയിൽ ഹൈസ്കൂൾ വരെ മാത്രം നിലവിൽ 226 അദ്ധ്യാപക ഒഴിവുകളാണുള്ളത്. ഇതിൽ 26 ഒഴിവുകൾ മാത്രമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ളത്. ഒഴിവ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ നിയമനം നടത്താൻ കഴിയുന്ന തരത്തിൽ എൽ.പി.എസ്.എ, യു.പി.എസ്.എ റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. ചില എച്ച്.എസ്.എ റാങ്ക് ലിസ്റ്റുകൾ മാത്രമാണ് നിലവിലുള്ളത്. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ മാസങ്ങളായി പി.എസ്.സി ഓഫീസുകൾ കയിറിയിറങ്ങുന്നെങ്കിലും നിയമനം സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിക്കുന്നില്ല. അവധിക്കാലം ആയതിനാലാകാം കഴിഞ്ഞ രണ്ട് മാസം അദ്ധ്യാപക നിയമനം കാര്യമായി നടക്കാഞ്ഞതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.

അദ്ധ്യാപക ഒഴിവുകൾ

എൽ.പി-118

യു.പി- 38

ഹൈസ്കൂൾ- 70

50 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല

അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ 50 സ്കൂളുകലിൽ ഹെഡ്മാസ്റ്റർമാരില്ല. എൽ.പി, യു.പി വിഭാഗങ്ങളിലായ 40 സ്കൂളുകളിലും പത്ത് ഹൈസ്കൂളുകളിലുമാണ് ഹെഡ്മാസ്റ്റർമാരില്ലാത്തത്. ഇത് അദ്ധ്യയന വർഷാരംഭ ഒരുക്കങ്ങളെയും ബാധിച്ചിട്ടുണ്ട്. സ്ഥാനക്കയറ്റം നൽകി എൽ.പി, യു.പി ഹെഡ്മാസ്റ്റർമാരുടെ നിയമനം നടത്തേണ്ടത് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസാണ്.

ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടേത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസും.

സ്ഥാനക്കയറ്റ നടപടികൾക്ക് നിലവിൽ നിയമ തടസങ്ങളില്ല. എന്നിട്ടും നിയമനം വൈകുന്നത് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കൊണ്ട് മാത്രമാണ്.

സ്കൾ അധികൃതർ

Advertisement
Advertisement