ബാർക്കോഴ വിവാദം; ഡ്രൈ ഡേ വേണ്ടെന്ന ശുപാർശ സർക്കാർ പരിഗണിച്ചേക്കില്ല

Saturday 25 May 2024 7:07 AM IST

തിരുവനന്തപുരം: പുതിയ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പൂർണമായും പിന്‍വാങ്ങിയേക്കുമെന്ന് വിവരം. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാർശ സർക്കാർ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ബാറുടമ അനിമോന്റെയും, ബാറുടമകളുടെ സംഘടനാ നേതാക്കളുടേയും മൊഴി ഉടൻ രേഖപ്പെടുത്തും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍.

ബാറുകളുടെ പ്രവർത്തന സമയത്തിലും ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാർശ ഉണ്ടായിരിന്നു. ഇത് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്‌ത് നടപ്പാക്കാനായിരിന്നു എക്സൈസ് വകുപ്പിന്റെ ആലോചന. മദ്യനയത്തിന്റെ പ്രാരംഭ ചർച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. എന്നാല്‍ കോഴയാരോപണത്തോടെ ഇതൊന്നും മുന്നോട്ട് കൊണ്ടുപോവാൻ ഇനി സർക്കാരിനാവില്ല.

മുന്‍പ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് എത്തിയേക്കും. അതിനാൽ, ബാറുകള്‍ക്ക് ഇളവ് നല്‍കണമെന്ന ആശയം മുന്നോട്ട് വച്ചാല്‍ മുന്നണിയില്‍ നിന്ന് തന്നെ എതിർപ്പ് ഉയരും. അതുകൊണ്ട് ഇളവുകള്‍ നല്‍കാനുള്ള ചിന്ത തൽക്കാലത്തേക്ക് സർക്കാർ ഉപേക്ഷിക്കും. വിവാദത്തിന് പിന്നാലെ ഇളവുകള്‍ നല്‍കിയാല്‍ ഉയർന്ന് വന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് വേഗത്തില്‍ കഴിയും.

പ്രത്യേക സംഘത്തെ രൂപീകരിച്ചാകും വിഷയത്തിൽ അന്വേഷണം നടക്കുക. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് വിവാദത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണമെന്ന നിർദ്ദേശവും സർക്കാർ പൊലീസിന് നല്‍കിയിട്ടുണ്ട്.

സന്ദേശത്തിന്റെ പ്രസക്തഭാഗമിങ്ങനെ: പ്രസിഡന്റ് ചില കാര്യങ്ങൾ പറഞ്ഞു. പുതിയ പോളിസി ഉടൻ വരും. ഒന്നാം തീയതിയിലെ ഡ്രൈഡെ എടുത്തുകളയും. ഇതൊക്കെ ചെയ്തു തരുന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ടത് കൊടുക്കണം. ഇതുവരെ ഇടുക്കിയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് രണ്ടര ലക്ഷം തന്നത്. നമ്മൾ കൊടുക്കാതെ ആരും സഹായിക്കില്ല.

അന്ന് വീണത് മാണിയും ബാബുവും

യു.ഡി.എഫ് മന്ത്രിമാരായ കെ.എം. മാണിയുടെയും കെ.ബാബുവിന്റെയും രാജിയിലെത്തിച്ചത് 2014ൽ ബിജുരമേശിന്റെ ബാർകോഴ ആരോപണങ്ങളാണ്. 418 ബാറുകൾ തുറക്കാൻ മാണി ഒരു കോടി വാങ്ങിയെന്ന് ആദ്യ വെളിപ്പെടുത്തൽ. സഭയിൽ മാണിയുടെ ബ‌ഡ്ജറ്റ് അവതരണം തടഞ്ഞുള്ള കൂട്ടയടിയിൽ വരെ കാര്യങ്ങളെത്തി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ 10 കോടി പിരിച്ചുനൽകിയെന്ന് വീണ്ടും ആരോപണം. കോടതി ഇടപെടലിനെത്തുടർന്ന് 2015 നവംബർ 10ന് മാണിയും 2016 ജനുവരി 23ന് ബാബുവും രാജിവച്ചു.

Advertisement
Advertisement