വ്യക്തമായ കാരണമില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുത്, ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണം

Saturday 25 May 2024 10:31 AM IST

കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസമാകുന്നുവെന്നത് മരം മുറിക്കാനുളള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാലക്കാട്- പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അതേസമയം, ജില്ലാ കളക്ടർ മാത്രം വിചാരിച്ചാൽ കൊച്ചിയിലെ വെളളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു. ജില്ലയിലെ വെള്ളക്കെട്ടിന് കാരണമായ ഹോട്ട്‌സ്‌പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്‌ടർ ഉൾപ്പെട്ട വിദഗ്ദ്ധ സമിതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലശേരി കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും നഗരത്തിലെ മാലിന്യങ്ങൾ നീക്കാൻ ജനങ്ങളുടെ സഹായം കൂടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി ജില്ലാ കളക്‌ടറും കോർപ്പറേഷൻ സെക്രട്ടറിയും അമിക്യസ് ക്യൂറിയും നിരീക്ഷിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരുടെ ഇടപെടലിനെയും ഹൈക്കോടതി അഭിനന്ദിച്ചു.

നഗരസഭയുടെ മേല്‍നോട്ടമില്ലാതെ പൊതുമരാമത്ത് വകുപ്പും കൊച്ചി മെട്രോയും നടത്തുന്ന അശാസ്ത്രീയമായ നടപ്പാത നിര്‍മ്മാണാണ് ആലുവ നഗരത്തെ വെള്ളക്കെട്ടിലാക്കിയത് എന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഒരു മണിക്കൂറോളം പെയ്ത മഴയിൽ ആലുവ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം, ബാങ്ക് കവല - മാർക്കറ്റ് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, കുന്നുംപുറം റോഡ്, അൻവർ ആശുപത്രി റോഡ്, ശ്രീകൃഷ്ണക്ഷേത്രം റോഡ്, മാർക്കറ്റ് മേൽപ്പാലം അണ്ടർപാസേജ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

Advertisement
Advertisement