തലസ്ഥാന നഗരിയിൽ ആര് സഹായത്തിനുവിളിച്ചാലും 'ഓടിയെത്തും'; ഇവരാണ് ശരിക്കും അറിയപ്പെടേണ്ട 'ബോയ്‌സ്'

Saturday 25 May 2024 11:53 AM IST

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന ഒന്നാണ് ചെറുപ്പക്കാരുടെ ക്ളബുകളും കൂട്ടായ്‌മകളും. മിക്കവയും ഓണവും ക്രിസ്‌മസും പോലുള്ള ആഘോഷസമയങ്ങളിലായിരിക്കും സജീവമാകുന്നത്. അടുത്തിടെ തിയേറ്ററുകളിലെത്തി ബമ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയിസിലേതുപോലെ ട്രിപ്പുകൾ പോകുന്നതിനായി മാത്രം സജീവമാകുന്ന കൂട്ടായ്‌മകളുമുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്‌തരാണ് തിരുവനന്തപുരം ശ്രീകാര്യം അമ്പാടി നഗറിലുള്ള സഖാവ് ഗോകുൽ മെമ്മോറിയൽ സാന്ത്വന കൂട്ടായ്‌മ. തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയസുഹൃത്തിന്റെ സ്മരണാർത്ഥം തുടങ്ങിയ കൂട്ടായ്മയിലൂടെ ഒരു നാടിനാകെ ഉപകാരമായി മാറുകയാണ് ഈ ചെറുപ്പക്കാർ.


അഞ്ചുവർഷം മുൻപ് ഏപ്രിൽ മാസത്തിലാണ് കവടിയാറിലുണ്ടായ ഒരു അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഗോകുൽ മരണമടഞ്ഞത്. ഗോകുലിന്റെ സ്‌മരണാർത്ഥം ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന് സുഹൃത്തുക്കൾ ഏറെ ആഗ്രഹിച്ചിരുന്നു. മൂന്ന് വർഷം മുൻപ് ഗോകുൽ മെമ്മോറിയൽ എന്ന പേരിൽ കൂട്ടായ്‌മ ആരംഭിച്ചു. പത്തുപേരാണ് സ്ഥിരാംഗങ്ങൾ .

വെറുതെ കൂട്ടായ്മ എന്ന പേരിൽ ഒത്തുകൂടുകയായിരുന്നില്ല ഈ ചെറുപ്പക്കാർ. നേത്ര പരിശോധനാ ക്യാമ്പുകൾ, രക്ത പരിശോധനാ ക്യാമ്പുകൾ തുടങ്ങി ജനങ്ങൾക്ക് ഗുണകരമായ നിരവധി കാര്യങ്ങൾ സംഘടിപ്പിച്ചു. എന്നിരുന്നാലും ഗോകുലിന്റെ പേര് എന്നെന്നും നിലനിൽക്കുന്ന തരത്തിൽ എന്തെങ്കിലും കൂടുതലായി ചെയ്യണമെന്ന് അംഗങ്ങൾ മനസിലുറപ്പിച്ചു. കഴിഞ്ഞവർ‌ഷം കൂടിയ കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചു. തുടർന്നാണ് ആംബുലൻസ് എന്ന ആശയം ഉദിച്ചത്. കഴിഞ്ഞവർഷത്തെ ഗോകുലിന്റെ ഓർമ്മദിനത്തിലാണ് ആംബുലൻസ് എത്തിക്കുന്നുവെന്ന പ്രഖ്യാപനം കൂട്ടായ്മ നടത്തിയത്.

ആംബുലൻസ് വാങ്ങാനുള്ള ഫണ്ട് ആയിരുന്നു കൂട്ടായ്മയുടെ മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി. ഇതിനായി അംഗങ്ങളെല്ലാവരും തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു തുക നീക്കിവച്ചു. നാട്ടുകാരിൽ ചിലർ കുറ്റപ്പെടുത്തിയെങ്കിലും നല്ലൊരു വിഭാഗവും പിന്തുണയുമായി ഒപ്പം നിന്നു. പാഴ്‌ച്ചെലവെന്ന് കളിയാക്കിവരും ഏറെയുണ്ടെന്ന് മെമ്മോറിയൽ പ്രസിഡന്റ് അഭിജിത്ത് പറയുന്നു. എന്നിരുന്നാലും അംഗങ്ങൾ ആരും പിന്തിരിഞ്ഞില്ല. ലക്കി ഡ്രോയും മറ്റും നടത്തി പണം സ്വരൂപിച്ചു. നാട്ടുകാരുടെ ഇടയിലും പിരിവ് നടത്തി. മരണപ്പെട്ട ഗോകുലിന്റെ കുടുംബവും സഹായിച്ചുവെന്ന് അഭിജിത്ത് പറഞ്ഞു. ഇങ്ങനെ ആംബുലൻസ് വാങ്ങാനുള്ള മൂന്ന് ലക്ഷം രൂപ സ്വരൂപിച്ചു.

ആംബുലൻസ് എവിടെനിന്ന് വാങ്ങാമെന്നായിരുന്നു അടുത്ത അന്വേഷണം. കൂട്ടായ്‌മയുടെ സെക്രട്ടറി വിവേക് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ പ്രവർത്തിച്ചിരുന്നു. ഇവിടെനിന്ന് കാര്യങ്ങൾ അന്വേഷിച്ച് മനസിലാക്കിയാണ് ആംബുലൻസ് വാങ്ങിയത്. തുടർന്ന് ഇതിൽ അറ്റകുറ്റപ്പണികൾ ചെയ്ത് പുത്തനാക്കിയെടുത്തു. ആംബുലൻസ് ഡ്രൈവറാകാൻ കൂട്ടായ്മയിലെ രണ്ട് അംഗങ്ങൾ തന്നെ മുന്നോട്ടുവന്നു. ആംബുലൻസ് ഡ്രൈവറാകാൻ പ്രത്യേകം പരിശീലനം നേടേണ്ടതുണ്ട്. ഇതിനുള്ള പരിശീലനത്തിൽ കൂട്ടായ്മ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.

മേയ് 12നായിരുന്നു ആംബുലൻസിന്റെ ഉദ്ഘാടനം നടന്നത്. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. തലസ്ഥാന നഗരിയിൽ മുഴുവനും സർവീസ് നടത്താൻ കൂട്ടായ്മ തയ്യാറാണ്. തലസ്ഥാനത്ത് എവിടെയായാലും തങ്ങളുടെ ആംബുലൻസ് സഹായത്തിനെത്തുമെന്ന് ഗോകുൽ മെമ്മോറിയൽ കൂട്ടായ്മ അറിയിക്കുന്നു. 9567607108 ആണ് ആംബുലൻസിന്റെ സേവനം തേടാനുള്ള നമ്പർ.

ഭാവിയിൽ കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കൂട്ടായ്മയുടെ തീരുമാനം. ഒരു ആംബുലൻസ് കൂടി വാങ്ങണമെന്നും കൂട്ടായ്മയിലെ അംഗങ്ങൾക്ക് ആഗ്രഹമുണ്ട്. സെക്രട്ടറി വിവേക്, ട്രഷറർ ആകാശ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രവീൺ, അനന്ദു, വിനീത്, അമൽ ചന്ദ്രൻ, ഹരി കൃഷ്ണൻ, ഹരി ശങ്കർ, ഹരി കൃഷ്ണൻ എന്നിവരും കൂട്ടായ്മയുടെ സജീവ പ്രവർത്തകരാണ് . രാഷ്ട്രീയ പ്രവർ‌ത്തനങ്ങളിലും സജീവമാണ് കൂട്ടായ്മയിലെ അംഗങ്ങൾ.

Advertisement
Advertisement