സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യത; മുന്നറിയിപ്പ്

Saturday 25 May 2024 12:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്‌ക്ക് സാദ്ധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടി, മിന്നൽ, മണിക്കൂറിൽ 30 - 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് എന്നിവയ്‌ക്കും സാദ്ധ്യതയുണ്ട്.

മഴ ശക്തമായതിനാൽ, കല്ലാർകുട്ടി, പാംബ്ല ഡാമുകൾ ഇന്ന് രാവിലെ തുറന്നിരുന്നു. രാവിലെ ആറ് മണിക്കാണ് ജില്ലാ കളക്ടറുടെ അനുമതിയോടെ ഡാം തുറന്നത്. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംബ്ല ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നും മഴ ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാദ്ധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിലും ജാഗ്രത തുടരണം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മഴ ശക്തമാകും.

Advertisement
Advertisement