ബാർക്കോഴ വിവാദം; എക്‌സൈസ് മന്ത്രിയുടെ കത്തിൽ നടപടി, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Saturday 25 May 2024 1:02 PM IST

തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ബാറുടമ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശം പുറത്തുവന്നത് വിവാദമായ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് മേധാവിക്കാണ്. ശബ്‌ദ സന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം.

പുതിയ വിവാദമുണ്ടായതോടെ ബാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങിയേക്കുമെന്ന് വിവരം. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാർശ സർക്കാർ ഇനി ഗൗരവത്തിൽ പരിഗണിക്കില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ബാറുടമ അനിമോന്റെയും, ബാറുടമകളുടെ സംഘടനാ നേതാക്കളുടേയും മൊഴി ഉടൻ രേഖപ്പെടുത്തും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തൽ.

ബാറുകളുടെ പ്രവർത്തന സമയത്തിലും ഇളവുകൾ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാർശ ഉണ്ടായിരുന്നു. ഇത് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്‌ത് നടപ്പാക്കാനായിരിന്നു എക്സൈസ് വകുപ്പിന്റെ ആലോചന. മദ്യനയത്തിന്റെ പ്രാരംഭ ചർച്ചകൾക്കായി അടുത്ത മാസം മന്ത്രി ബാറുടമകൾ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. എന്നാൽ കോഴയാരോപണത്തോടെ ഇതൊന്നും മുന്നോട്ട് കൊണ്ടുപോവാൻ ഇനി സർക്കാരിനാവില്ല.

മുൻപ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് എത്തിയേക്കും. അതിനാൽ, ബാറുകൾക്ക് ഇളവ് നൽകണമെന്ന ആശയം മുന്നോട്ട് വച്ചാൽ മുന്നണിയിൽ നിന്ന് തന്നെ എതിർപ്പ് ഉയരും. അതുകൊണ്ട് ഇളവുകൾ നൽകാനുള്ള ചിന്ത തൽക്കാലത്തേക്ക് സർക്കാർ ഉപേക്ഷിക്കും. വിവാദത്തിന് പിന്നാലെ ഇളവുകൾ നൽകിയാൽ ഉയർന്ന് വന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷത്തിന് വേഗത്തിൽ കഴിയും.

പ്രത്യേക സംഘത്തെ രൂപീകരിച്ചാകും വിഷയത്തിൽ അന്വേഷണം നടക്കുക. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് വിവാദത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തണമെന്ന നിർദ്ദേശവും സർക്കാർ പൊലീസിന് നൽകിയിട്ടുണ്ട്.

Advertisement
Advertisement