മുഖം മിനുക്കാനൊരുങ്ങി തിരുവനന്തപുരം, ഗുണം സാധാരണക്കാർക്ക്; ഒരുങ്ങുന്നത് വമ്പൻ പദ്ധതി

Saturday 25 May 2024 2:22 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ, വർക്കല റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കാനുള്ള കരാർ നേടിയ കെ-റെയിലിന് 28.11കോടിയുടെ സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടിടത്തുമായി 572.5കോടിയുടെ നിർമ്മാണമാണ് നടക്കുന്നത്. മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് നൽകുന്നത്.

കരാർ എക്സിക്യൂട്ട് ചെയ്യാനാണ് 28,11,61,227 രൂപയുടെ ഗ്യാരന്റി നൽകുന്നത്. തിരുവനന്തപുരം സെൻട്രലിൽ 439 കോടിയുടെ പദ്ധതി 42 മാസം കൊണ്ട് പൂർത്തിയാക്കും. വർക്കലയിൽ 133.5 കോടിയുടേതാണ് പദ്ധതി. സിൽവർലൈനിന് രൂപീകരിച്ച കെ-റെയിൽ ഏറ്റെടുക്കുന്ന വലിയ പദ്ധതിയാണിവ. കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരമാണ് നടപ്പാക്കുന്നത്.

സെൻട്രൽ സ്റ്റേഷൻ വിമാനത്താവളങ്ങളുടേത് പോലെയാണ് നവീകരിക്കുന്നത്. വരികയും പോവുകയും ചെയ്യുന്ന യാത്രക്കാർക്കായി പ്രത്യേകം ലൗഞ്ചുകളുണ്ടാവും. ഇവയെ ലിഫ്‌റ്റുകൾ വഴി ബന്ധിപ്പിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപ് മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണിത്. വിവരങ്ങളറിയിക്കാൻ കൂടുതൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കും. നിലവിലെ കെട്ടിടം നിലനിറുത്തി തെക്കും വടക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. തെക്കുവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗുമുണ്ടാവും.

വർക്കല റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണത്തിൽ എസ്കലേറ്റർ, ലിഫ്റ്റ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്കുള്ള ആധുനികസൗകര്യങ്ങൾ എന്നിവയുണ്ട്. ലോക ടൂറിസം ഭൂപടത്തിലുള്ള വിനോദസഞ്ചാര കേന്ദ്രം, പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം എന്നിവ പരിഗണിച്ചാണ് വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നത്.

'അമൃത്‌ ഭാരത് '

രാജ്യത്തെ 100സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിനൊപ്പമാണ് വർക്കലയിലും നവീകരണം. വാണിജ്യസമുച്ചയങ്ങളും സ്റ്റേഷനുകളിലുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംഗ്ഷൻ, കൊല്ലം, എറണാകുളം ടൗൺ, തൃശൂർ സ്റ്റേഷനുകളിലാണ് വർക്കലയ്ക്ക് പുറമെ മുഖംമിനുക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 30സ്റ്റേഷനുകൾ 'അമൃത്‌ ഭാരത് ' പദ്ധതിയിൽ നവീകരിക്കുന്നുണ്ട്.

Advertisement
Advertisement