ഇന്ത്യാക്കാരെ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഗൾഫ് രാജ്യം, മനസിലാക്കിയാൽ മലയാളിക്കിനിയും പണം വാരാം

Saturday 25 May 2024 3:23 PM IST

അബുദാബി: യുഎഇയിൽ ബ്ളൂ കോളർ തൊഴിലാളികൾക്ക് ഡിമാൻഡ് ഏറുന്നതായി റിപ്പോർട്ട്. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണ്ടർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2023 മേയ് മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വൈദഗ്ധ്യമുള്ള ബ്ലൂ കോളർ തൊഴിലാളികളുടെ ആവശ്യം മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇലക്ട്രീഷ്യൻ, പ്ലംബർ, ടെക്നീഷ്യൻ എന്നിവർക്കായുള്ള ജോലി സാധ്യത 20 മുതൽ 25 ശതമാനം വരെയാണ് കൂടിയത്.

രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പദ്ധതികളും ദ്രുതഗതിയുള്ള നഗരവൽക്കരണവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, നിർമാണം, ലോജസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കാണ് ആവശ്യക്കാരേറെയാണ്.

വിപണി ആവശ്യങ്ങൾ കണക്കിലെടുത്ത് ദേശീയ യോഗ്യതാ അതോറിറ്റി, വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ, എന്‍എഎഫ്ഐഎസ് പ്രോഗ്രാം തുടങ്ങിയ സർക്കാർ സംരംഭങ്ങൾ ഉപയോഗപ്പെടുത്തി തൊഴിലാളികൾ നൈപുണ്യവികസനത്തിന് ശ്രമിക്കുന്നുണ്ടെന്നും ഹണ്ടർ ചൂണ്ടിക്കാട്ടി. കേരളത്തിന് പുറമെ ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, രാജസ്ഥാൻ മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യുഎഇയിലേക്ക് ഏറെയും എത്തുന്നത്.

അതേസമയം വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്കുള്ള ഡിമാൻഡും വർദ്ധിച്ചിട്ടുണ്ട്. പത്ത് മുതൽ പതിനഞ്ച് ശതമാനം വരെയാണ് ഇത്. എന്നാൽ ഇത്തരം തൊഴിലാളികൾ യുഎഇയിലേക്ക് വരുന്നത് പത്ത് ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഹണ്ടറിൽ രജിസ്റ്റർ ചെയ്ത് ഒരു ലക്ഷം തൊഴിലാളികളിൽ നടത്തിയ അഭിമുഖങ്ങളുടെയും സർവെയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Advertisement
Advertisement