''വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള ഈ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴത്തേക്കാൾ ശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യും'', മേയർ

Saturday 25 May 2024 6:14 PM IST

തിരുവനന്തപുരം: നഗരസഭയ്ക്ക് എതിരെ ബിജെപി നടത്തുന്നത് രാഷ്ട്രീയപ്രേരിതമായ സമരാഭാസമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ബിജെപിയുടെ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഇത്തരം നാടകങ്ങൾ മുൻപത്തെ പോലെ തന്നെ ജനങ്ങൾ തള്ളിക്കളയും. ജനങ്ങൾക്കിടയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള ഈ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴത്തേക്കാൾ ശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് ആര്യ വ്യക്തമാക്കി.

''മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് ബിജെപി ഇന്ന് നടത്തിയ സമരം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായ ഒന്നാണ്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും വേണ്ടി മാത്രമായി ചേർന്ന കൗൺസിൽ യോഗത്തിൽ നിന്ന് തീർത്തും അപ്രധാനമായ മറ്റ് വിഷയങ്ങൾ ഉന്നയിക്കുകയും മഴക്കാലത്തിന് മുൻപ് നടത്തേണ്ട ആക്ഷൻ പ്ലാനിനെ കുറിച്ചോ ശുചീകരണത്തെ കുറിച്ചോ ഒരക്ഷരം പോലും പറയാതെയും ബഹളമുണ്ടാക്കി ഇറങ്ങി പോയവരാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത്. ഇത് മാത്രമല്ല ജനങ്ങളുടെ ദൈനദിന ജീവിതപ്രശ്നങ്ങളെ സംബന്ധിച്ചും നഗരത്തിന്റെ വികസനത്തെ സംബന്ധിച്ചും ചേർന്നിട്ടുള്ള മിക്കവാറും എല്ലാ കൗൺസിൽ യോഗങ്ങളും ബിജെപി ബഹിഷ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. ബിജെപി തന്നെ ആവശ്യപ്പെട്ട് ചേരുന്ന സ്പെഷ്യൽ കൗൺസിൽ യോഗങ്ങൾ പോലും കൂക്കിവിളിച്ച് ബഹളമുണ്ടാക്കി ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്ന രാഷ്ട്രീയ തമാശയ്ക്ക് എത്രതവണ നഗരസഭ സാക്ഷ്യം വഹിച്ചിരിക്കുന്നു.

ജനങ്ങളുടെ പ്രതിനിധികൾ ആയാണ് ഞങ്ങളും നിങ്ങളും ഈ കൗൺസിലിൽ ഇരിക്കുന്നത്, അവർക്ക് വേണ്ടി സംസാരിക്കാനാണ് അവർ നമ്മളെ ഇങ്ങോട്ട് തിരഞ്ഞെടുത്ത് അയച്ചിട്ടുള്ളത്. പ്രതിഷേധങ്ങളൊക്കെ നടത്താം, ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ആരും തടസ്സമല്ല. പക്ഷെ ഇതുപോലെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്യേണ്ട വിലപ്പെട്ട സമയങ്ങളെ പാഴാക്കുന്ന പ്രതിഷേധം അനുചിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ബിജെപി മനസിലാക്കണം. ഈ കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം ജനപ്രതിനിധി കൂടിയായ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ശ്രീ വി വി രാജേഷ് എത്ര കൗൺസിൽ യോഗങ്ങളിൽ മുഴുവൻ സമയം പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രം പരിശോധിച്ചാൽ തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ബിജെപിയുടെ പ്രതിബന്ധത ബോധ്യപ്പെടും.

ബിജെപി ബഹിഷ്കരിച്ച ആ കൗൺസിലിന് ശേഷമാണ് സർവകക്ഷി യോഗം ചേർന്നത്. അതിൽ ബിജെപി നേതാക്കൾ അടക്കം ഉന്നയിച്ച അഭിപ്രായങ്ങൾ ആകെ പരിഗണിച്ച് ക്രമീകരിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത്. മേയർ തന്നെ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ഇത്തരം ആരോപണങ്ങൾ ഞാനടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയപ്രവർത്തകരും നേരിടേണ്ടി വരാറുണ്ട്. അതിൽ അസ്വാഭാവികത ഒന്നുമില്ല. പക്ഷെ നഗരത്തിൽ ഒരു ശുചികരണ പ്രവർത്തിയും നടന്നിട്ടില്ല എന്നൊക്കെ കണ്ണുംപൂട്ടി ആരോപണം ഉന്നയിക്കുമ്പോൾ കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാ വാർഡുകളിലും സഹായമെത്തിക്കാനും മഴമൂലമുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യാനും സ്വീവേജ് മാലിന്യമടക്കം ശുചിയാക്കാനും രാപകൽ പ്രവർത്തിക്കുന്ന ശുചികരണ തൊഴിലാളികൾ അടക്കമുള്ള നഗരസഭ ജീവനക്കാരുടെ കഠിനാധ്വാനത്തെ കൂടെയാണ് ബിജെപി അവഹേളിക്കുന്നത്. നഗരസഭ ഒന്നും ചെയ്യുന്നില്ല എന്ന ബിജെപിയുടെ ആരോപണത്തിന്റെ അർത്ഥം ജീവനക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് കൂടിയാണെന്ന് ഓർക്കണം. ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലിനോടും വെല്ലുവിളിയോടും സന്ധിചെയ്യാനോ സമരസപ്പെടാനോ ഉദ്ദേശിക്കുന്നില്ല എന്നകാര്യം അർഥശങ്കകൾക്കിടയില്ലാതെ വ്യക്തമാക്കുകയാണ്.

ബിജെപിയുടെ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഇത്തരം നാടകങ്ങൾ മുൻപത്തെ പോലെ തന്നെ ജനങ്ങൾ തള്ളിക്കളയും എന്നുറപ്പാണ്. ഈ നഗരത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് എന്നാൽ അവരുടെ ജീവിതാനുഭവമാണ്. ജനങ്ങളിലാണ് ഞങ്ങളുടെ വിശ്വാസം, ജനങ്ങൾക്കിടയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. വികസനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള ഈ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴത്തേക്കാൾ ശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.''- ആര്യാ രാജേന്ദ്രന്റെ വാക്കുകൾ.

Advertisement
Advertisement