ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ, 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

Saturday 25 May 2024 6:40 PM IST

തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം അടുത്ത ബുധനാഴ്ച മുതൽ നടക്കും,​ ഒരു മാസത്തെ പെൻഷൻ കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇനി അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ് വിതരണം ചെയ്യാൻ ഉള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു.

ഏപ്രിൽ മുതൽ അതത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സഹകരണ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ വിതരണത്തിനുള്ള തുക കണ്ടെത്താൻ ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമപെൻഷൻ വിതരണം വൈകുന്നതിന് പിന്നിലെന്നാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

ബാങ്ക് അക്കൗണ്ട് നൽകിയവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

Advertisement
Advertisement