ജനസംഖ്യ - സീറ്റ് അനുപാതം; കേരളത്തിന് പുതിയ മെഡി. കോളേജ് ഇല്ല

Sunday 26 May 2024 4:41 AM IST

തിരുവനന്തപുരം: കേരളത്തിന് പുതുതായി മെഡിക്കൽ കോളേജുകളോ എം. ബി. ബി. എസ് സീറ്റ് വർദ്ധനവോ അനുവദിക്കില്ലെന്ന് ദേശീയമെഡിക്കൽ കമ്മിഷൻ. ഓരോ സംസ്ഥാനത്തും പത്ത് ലക്ഷം ജനങ്ങൾക്ക് 100 എം.ബി.ബി.എസ് സീറ്റെന്ന ദേശീയനയമാണ് കാരണം. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിന് 3500 സീറ്റുകൾക്കേ അർഹതയുള്ളൂ. നിലവിൽ 4100 സീറ്റുകളുണ്ട് - 10 ലക്ഷം പേർക്ക് 131സീറ്റ്. ഇനി കേരളത്തിന്റെ അപേക്ഷകൾ സ്വീകരിക്കേണ്ടെന്നാണ് കമ്മിഷന്റെ തീരുമാനം. നിബന്ധന ഈ അക്കാഡമിക് വർഷം തന്നെ നടപ്പായിക്കഴിഞ്ഞു.

സർക്കാർ തുടങ്ങാനിരുന്ന വയനാട്, കാസർകോട്, തിരുവനന്തപുരം ജനറലാശുപത്രി മെഡിക്കൽ കോളേജുകൾക്കും പാലക്കാട്ടെ വാളയാർ, വർക്കല സ്വാശ്രയകോളേജുകൾക്കും അനുമതി കിട്ടില്ല. ഗവ.മെഡിക്കൽ കോളേജുകളിലടക്കം സീറ്റ് വർദ്ധിപ്പിക്കാനുമാവില്ല. എല്ലാ ജില്ലകളിലും ഗവ.മെഡിക്കൽ കോളേജുകൾ എന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

പുതുതായി പി.ജികോഴ്സുകൾ തുടങ്ങാൻ തടസമില്ല. പി.ജി കോഴ്സുകൾ ജില്ലാ, ജനറൽ ആശുപത്രികളിലും അനുവദിക്കും. കേരളത്തിൽ 17 ജില്ലാ, 16 ജനറൽ ആശുപത്രികളിൽ എം.ഡി, എം.എസ് കോഴ്സുകൾ തുടങ്ങാമായിരുന്നു. അതിന് സർക്കാർ അപേക്ഷിച്ചിട്ടില്ല. സ്വാശ്രയ മെഡിക്കൽ കോളേജുകൾ പുതിയ പി.ജി കോഴ്സുകൾ നേടിയിട്ടുണ്ട്.

കുറവ് 40,​000 സീറ്റ്

ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ 40,000ത്തോളം മെഡിക്കൽ സീറ്റുകളുടെ കുറവുണ്ട്. സംസ്ഥാനങ്ങൾക്ക് സീറ്റുകൾ അനുപാതികമായി നൽകി ഈ കുറവ് നികത്താനാണ് 10ലക്ഷം ജനങ്ങൾക്ക് 100 സീറ്റ് നിബന്ധന. ബീഹാറിന്റെ ഉൾഗ്രാമങ്ങൾ പോലെ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത സ്ഥലങ്ങളുണ്ട്. രാജ്യത്തെ 706 മെഡിക്കൽ കോളേജുകളിൽ 274 എണ്ണം ദക്ഷിണേന്ത്യയിലാണ്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ - 74. ഉത്തരേന്ത്യയിൽ യു. പി (68)​,​ മഹാരാഷ്ട്ര (68)​,​ ഗുജറാത്ത് (40)​,​രാജസ്ഥാൻ ( 35 )​,​ ബംഗാൾ ( 35)​ എന്നിവിടങ്ങളിലാണ് കൂടുതൽ മെഡിക്കൽ കോളേജുകൾ. വലിയ സംസ്ഥാനമായ ബീഹാറിൽ 21 എണ്ണം മാത്രം.

ദക്ഷിണേന്ത്യയിൽ

കേരളം................... 33

തമിഴ്നാട് ..............74

കർണാടകം ...........69

ആന്ധ്ര ....................33

തെലങ്കാന .............56

പോണ്ടിച്ചേരി ...........9

(കണക്കുകൾ നാഷണൽ മെഡിക്കൽ കമ്മിഷൻ)​

മെഡി. കോളേജുകൾ

2014ൽ 387 ( സീറ്റ് 51,​348)​

2023ൽ 706 ( സീറ്റ് 1,​09,​170)​

51 രാജ്യങ്ങളിൽ

51രാജ്യങ്ങളിലാണ് മലയാളി വിദ്യാർത്ഥികളുടെ മെഡിക്കൽ പഠനം. നേപ്പാളിൽ മുതൽ കരീബിയൻ ദ്വീപായ ക്യുറെസോയിൽ വരെ. ചൈനയിലും റഷ്യയിലും മാത്രം 6000 കുട്ടികളുണ്ട്. ( നോർക്കയുടെ കണക്ക് )​

കേരളത്തിൽ

4100

ആകെ എം.ബി.ബി.എസ് സീറ്റുകൾ

1455

ഗവ.മെഡിക്കൽ കോളേജിൽ (ഫീസ്-22,050)

2745

19സ്വാശ്രയ കോളേജിൽ (ഫീസ്-6.61-7.65ലക്ഷം)

1,09,170

രാജ്യത്താകെ എം.ബി.ബി.എസ്‌സീറ്റ്

1,40,000

ജനസംഖ്യാനുപാതികമായി വേണ്ട സീറ്റുകൾ

''കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല. ജനസംഖ്യാനുപാതികമായി സീറ്റുകൾ അനുവദിക്കുന്നത് സംസ്ഥാനങ്ങളിലെ അസമത്വം ഇല്ലാതാക്കാനാണ് ''

-ഡോ.മോഹനൻ കുന്നുമ്മേൽ

മെഡിക്കൽ കമ്മിഷനംഗം,

ആരോഗ്യ വാഴ്സിറ്റി വി.സി

Advertisement
Advertisement