പുത്തനാശയം പച്ചക്കാപ്പി!

Sunday 26 May 2024 12:51 AM IST

കൊച്ചി: ആരോഗ്യത്തിന് അനുയോജ്യമായ പച്ചക്കാപ്പിയെന്ന പുത്തനാശയം സഫലമാക്കാൻ പത്ത് വിദ്യാർത്ഥികൾ രംഗത്ത്. കൂർഗ്, പാലക്കാട് എന്നിവിടങ്ങളിൽ ആരും ശ്രദ്ധിക്കാതിരുന്ന പച്ചക്കാപ്പിക്കുരുവാണ് വിദ്യാർത്ഥികൾ പൊടിയാക്കി പായ്‌ക്കറ്റിൽ വിപണിയിലെത്തിച്ചത്.

'ലോറസ് നേച്ചേഴ്‌സ് ഗ്രീൻ കോഫി" അവതരിപ്പിച്ചത് കളമശേരി ലോറസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോജിസ്റ്റിക്‌സിൽ 2020 ബാച്ചിലെ 10 വിദ്യാർത്ഥികളാണ്. പഠനത്തിന്റെ ഭാഗമായി ഉപഭോക്തൃ ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് പാലക്കാട്ട് എത്തിയപ്പോഴാണ് പച്ചക്കാപ്പിക്കുരുവിനെപ്പറ്റി അറിയുന്നത്. പൊടിപ്പിച്ച് കാപ്പിയുണ്ടാക്കി രുചിച്ചുനോക്കി. ആവശ്യക്കാരില്ലാതെ വെയിലിൽ ഉണക്കി സൂക്ഷിക്കുന്നതാണ് പച്ചക്കാപ്പിക്കുരുവെന്ന് വിതരണക്കാരൻ പറഞ്ഞെങ്കിലും വിശദമായി പഠിക്കാൻ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അജയ് ശങ്കർ പദ്ധതിക്ക് പിന്തുണ നൽകിയതോടെ ശ്രമം വേഗത്തിലായി.

കർണാടകത്തിലെ കൂർഗ്,​ പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് കാപ്പിക്കുരു എത്തിച്ചു. പല വലിപ്പങ്ങളിൽ പൊടിച്ച് പരീക്ഷണങ്ങൾ തുടർന്നു. എത്രമാസം കേടില്ലാതെ ഇരിക്കുമെന്നറിയാൻ ഒന്നിലധികം ലബോറട്ടറികളിൽ പരിശോധിച്ചു. ഒടുവിൽ അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിക്കുരു തരികളോടെ പൊടിച്ച് 200 ഗ്രാം പായ്ക്ക് തയ്യാറാക്കി. 2020ൽ ആരംഭിച്ച പദ്ധതി ഗവേഷണങ്ങളിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തുടർന്നുള്ള ബാച്ചിലെ വിദ്യാർത്ഥികൾ.

വിപണനം നേരിട്ട്
ഗുണങ്ങളേറെയാണെങ്കിലും ഗ്രീൻ കോഫിയുടെ സ്വാദ് രസകരമല്ലാത്തത് ആശങ്കയായി. പുതിന, ഏലയ്ക്ക, റോസ് തുടങ്ങിയ ഫ്‌ളേവറുകൾ ചേർക്കാൻ ശ്രമിച്ചെങ്കിലും കാലാവധി കുറയ്ക്കുമെന്നതിനാൽ ഉപേക്ഷിച്ചു. ഹെൽത്ത് ക്ലബ്ബുകൾ, ജിമ്മുകൾ, മെഡിക്കൽ ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ വഴിയാണ് വില്പന. ഓൺലൈനിലും ലഭിക്കും. 250 രൂപയാണ് വില.

ഗുണങ്ങൾ നിരവധി

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ കോഫി മെറ്റബോളിസം വർദ്ധിപ്പിക്കും. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദം, ശരീരഭാരം എന്നിവ കുറയ്ക്കാനും സഹായിക്കും.

വിദ്യാർത്ഥി സംഘം

അഭിജിത്ത് എം.വി
സുനോജ് ഇ.എസ്
അഖിൽ വി.വി
അരവിന്ദ് സുരേഷ്
അഫ്‌താബ്
ഹരികൃഷ്ണൻ
ഷിയാന ലിസ്
നിമ പ്രദീഷ്
അശ്വതി
ശ്രേയസ്‌

Advertisement
Advertisement