ആംബുലൻസുകൾക്ക് വേഗപ്പൂട്ട് പ്രതിഷേധം

Sunday 26 May 2024 12:01 AM IST

കൊച്ചി: വേഗപരിധി നിശ്ചയിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെയുൾപ്പെടെ നീക്കത്തിൽ പതിനായിരത്തിലേറെ വരുന്ന സ്വകാര്യ ആംബുലൻസുകളുടെ സംഘടനകൾ പ്രതിഷേധിച്ചു. അപകടങ്ങളുടെ പേരിൽ ആംബുലൻസുകൾക്ക് വേഗപ്പൂട്ടിടുകയല്ല, അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും വിവിധ സംവിധാനങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനവുമാണ് വേണ്ടതെന്ന് സംഘടനകൾ. വേഗതാ ഏകീകരണം പ്രായോഗികമല്ലെന്ന് ആംബലുൻസ് ഉടമകളും ജീവനക്കാരും പറയുന്നു. കേരള ആംബുലൻസ് ഡ്രൈവേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ, ആംബുലൻസ് ഓണേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് രംഗത്തെത്തിയത്.

അടിയന്തരഘട്ടങ്ങളിൽ ഒരു കിലോമീറ്റർ താണ്ടാൻ ഒരു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കൂ. തുടക്കം മുതൽ അവസാനം വരെ ഈ വേഗം നിലനിറുത്തുകയും വേണം. ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകി ലൈൻസൻസിനു സമാനമായ പ്രത്യേക കാർഡ് വിതരണം ചെയ്യണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. പൊലീസ്, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ എന്നിവയെ കോർത്തിണക്കി അടിയന്തരഘട്ടങ്ങളിലെ ആംബുലൻസ് യാത്രകൾക്ക് പാതയൊരുക്കുന്നത് ഫലപ്രദമാക്കണം. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി രോഗി മരിച്ചതിനു പിന്നാലെയാണ് വേഗനിയന്ത്രണം സംബന്ധിച്ച ആലോചനകൾ വീണ്ടും ശക്തമായത്.


നടപ്പാകാത്ത പദ്ധതികൾ

സംസ്ഥാനത്തെ ആംബുലൻസുകളെ നിയന്ത്രിക്കാൻ മുൻപും പദ്ധതികൾ തയാറാക്കിയിരുന്നു. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് ഒടുവിൽ പദ്ധതി തയാറാക്കിയത്. ഡ്രൈവർമാർക്ക് ഐ.എം.എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും നിലവാരം ഉയർത്താനും മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനുമായിരുന്നു തീരുമാനം. ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും തീരുമാനിച്ചിരുന്നു. ലൈസൻസ് ലഭിച്ച് മൂന്നുവർഷം കഴിഞ്ഞശേഷമേ ആംബുലൻസ് ഓടിക്കാൻ അനുവദിക്കൂ,​ പ്രത്യേക നിരക്ക് ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. വേഗനിയന്ത്രണത്തിനു പകരം ഇത്തരം തീരുമാനങ്ങളാണ് നടപ്പാക്കേണ്ടതെന്നാണ് സംഘടനകളുടെ വാദം. ആംബുലൻസ് വേഗം മണിക്കൂറിൽ 80- 130 കിലോമീറ്ററാക്കണമെന്ന് 2021ലും 2023ലും നിർദ്ദേശം ഉയർന്നിരുന്നു. എതിർപ്പുകളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

സ്വകാര്യ ആംബുലൻസ്- 20,000ലേറെ

108 ആംബുലൻസുകൾ- 500ലേറെ


നടക്കാതെ പോയ നിർദേശങ്ങൾ

യാത്രാ നിരക്ക് നിശ്ചയിക്കാൻ സമിതി

ഡ്രൈവർമാർക്ക് യോഗ്യത നിർണയം

ആംബുലൻസുകളെ കേന്ദ്രീകൃത കൺട്രോൾ റൂമിന് കീഴിലാക്കുക

യാത്ര നിരീക്ഷിക്കാൻ പ്രത്യേക ആപ്പ്

വകുപ്പിന്റെ പ്രത്യേക പരിശീലന സർട്ടിഫിക്കറ്റ്

റോഡുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മെച്ചപ്പെടുത്തേണ്ടത്. വേഗത നിയന്ത്രണം പ്രായോഗികമല്ല.
ബെന്നി അഭിലാഷ്
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള ആംബുലൻസ് ഡ്രൈവേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ

Advertisement
Advertisement