ഗവർണറുടെ കേസ് വി.സി നിയമനം വൈകിപ്പിക്കും

Sunday 26 May 2024 12:00 AM IST

തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ തടസം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും സെർച്ച് കമ്മിറ്റികളിലേക്ക് യൂണിവേഴ്സിറ്റികൾ പ്രതിനിധികളെ നൽകണമെന്ന് ആവശ്യപ്പെട്ടും ഗവർണർ കേസിനുപോയാൽ വി.സി നിയമനങ്ങൾ അനന്തമായി വൈകും.11 വാഴ്സിറ്റികളിലാണ് വി.സിയില്ലാത്തത്. ഇരുപക്ഷത്തെയും വാദംകേട്ട് ഉത്തരവുണ്ടാവാൻ മാസങ്ങളെടുക്കും. സെപ്തംബറിൽ ഗവർണറുടെ കാലാവധിയും കഴിയും.

ഗവർണർ പത്തിലേറെതവണ ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റികൾ പ്രതിനിധിയെ നൽകിയിട്ടില്ല. സർക്കാർ നിർദ്ദേശപ്രകാരമാണിത്.

വി.സി നിയമനവും അതിനുള്ള സെർച്ച്കമ്മിറ്റി രൂപീകരണവും ഗവർണറുടെ ചുമതലയാണ്.

ചാൻസലർ, യു.ജി.സി, സെനറ്റ് പ്രതിനിധികളാണ് കമ്മിറ്റിയിൽ വേണ്ടത്. വാഴ്സിറ്റി പ്രതിനിധിയെ നൽകിയില്ലെങ്കിൽ, അതൊഴിച്ചിട്ട് ഗവർണർക്ക് സെർച്ച്കമ്മിറ്റി രൂപീകരിക്കാനാവും. അതു ചെയ്യാതെയാണ് ഗവർണർ കേസിനുപോവുന്നത്.

കേരള വാഴ്സിറ്റിയിൽ മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയായ സെനറ്റാണ് സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകേണ്ടെന്ന് തീരുമാനിച്ചത്. മൂന്നു വാഴ്സിറ്റികളിലെ സെർച്ച് കമ്മിറ്റിയിലേക്ക് യു.ജി.സി പ്രതിനിധിയെ നൽകിയിട്ടും സർക്കാർ ഉടക്കിട്ടതിനാൽ വാഴ്സിറ്റികൾ പ്രതിനിധിയെ നിശ്ചയിച്ചില്ല. കേരള,എം.ജി, കണ്ണൂർ,കാർഷിക വാഴ്സിറ്റികളിൽ സെനറ്റിനും മറ്റിടങ്ങളിൽ സിൻഡിക്കേറ്റിനുമാണ് സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകാനുള്ള അധികാരം.

കേരളവാഴ്സിറ്റിയിലെ കേസിൽ, സെനറ്റ് പ്രതിനിധിയെ സർവകലാശാല നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ വി.സി നിയമന നടപടികളുമായി മുന്നോട്ടുപോവാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട് അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട സെർച്ച്കമ്മിറ്റി രൂപീകരിക്കുന്നതിന് തടസമില്ല. സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. രണ്ടംഗ കമ്മിറ്റിക്കെതിരെ സർക്കാരോ വാഴ്സിറ്റികളോ കേസുകൊടുത്താൽ ഗവർണർക്ക് നിലപാടറിയിക്കാം.

ചാൻസലറുടെ തീരുമാനം അന്തിമം

വി.സി നിയമനത്തിൽ തീരുമാനമെടുക്കേണ്ടത് ചാൻസലർ. അത്അന്തിമം

മറ്റാരുടെയെങ്കിലും താത്പര്യം, ആജ്ഞ അനുസരിച്ചാൽ നിയമവിരുദ്ധം.

ചാൻസലറും സംസ്ഥാന സർക്കാരുമായി കൃത്യമായ വേർതിരിവ് നിയമത്തിലുണ്ട്

(കണ്ണൂർ വി.സിക്കേസിൽ

സുപ്രീംകോടതി ഉത്തരവ്)

സർക്കാരിനും ഇഷ്ടം

നിയമക്കുരുക്ക്

1)വി.സി നിയമനം കേസിൽ കുരുങ്ങുന്നതാണ് സർക്കാരിനും താത്പര്യം. സെപ്തംബറിൽ ഗവർണറുടെ കാലാവധി കഴിയുംവരെ നിയമനം നീട്ടാനാവും.

2)രണ്ടംഗകമ്മിറ്റി രൂപീകരിക്കാനുള്ള നിയമോപദേഷ്ടാവിന്റെ ശുപാർശതള്ളി കേസിനുപോവാൻ ഗവർണറുടെ സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉപദേശിച്ചതും സർക്കാർ താത്പര്യത്താൽ

Advertisement
Advertisement