പരിശോധന മുടങ്ങി : നഴ്സിംഗ് സീറ്റ് വർദ്ധന കുരുങ്ങി

Sunday 26 May 2024 12:00 AM IST

തിരുവനന്തപുരം : 15 നഴ്സിംഗ് കോളേജുകളിൽ സീറ്റ് കൂട്ടാനുള്ള നടപടികൾ പാതിവഴിയിൽ നിലച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധന പൂർത്തിയായെങ്കിലും നഴ്സിംഗ് കൗൺസിൽ പരിശോധന നടക്കാത്തതാണ് കാരണം. കൗൺസിൽ പരിശോധിച്ച് റിപ്പോർട്ട് നൽകിയാലേ ആരോഗ്യസർവകലാശാല പരിശോധന നടത്തൂ. പരിശോധന വൈകിയാൽ പുതിയ സീറ്റുകളിൽ ആദ്യഘട്ടത്തിൽ പ്രവേശനം നടക്കില്ല. ഇത് വിദ്യാർത്ഥികളെ ആശങ്കയിലാക്കും.

നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ കോളേജുകളിൽ പരിശോധനയ്ക്ക് പോകുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജിന്റെ യോഗത്തിൽ തീരുമാനിച്ചതോടെയാണ് നടപടികൾ നിലച്ചത്. ഇതിനെതിരെ മാനേജുമെന്റുകൾ കോടതിയെ സമീപിച്ചേക്കും. ഇത് സർക്കാരിന് തലവേദനയാകുമെന്നതിനാൽ ആരോഗ്യവകുപ്പ് നിലപാട് മയപ്പെടുത്തിയേക്കും. പുതിയ ആരോഗ്യസെക്രട്ടറി രാജൻ ഖോബ്രഗഡേ ചൊവ്വാഴ്ച ചുമതലയേറ്റ ശേഷമാകും തീരുമാനം. മുൻവർഷങ്ങളിൽ ഈ സമയം കോളേജുകളെല്ലാം അഫിലിയേഷൻ പുതുക്കി പ്രവേശന നടപടികളിലേക്ക് കടന്നിരുന്നു. അതേസമയം, പരിശോധനയ്ക്ക് കൗൺസിൽ അംഗങ്ങൾ പോകുന്നത് സംബന്ധിച്ച് ചട്ടം ഇല്ലെന്നാണ് നിയമവകുപ്പിന്റെ മറുപടി. അതിനാൽ ചട്ടത്തിന്റെ കരട് തയ്യാറാക്കാൻ നഴ്സിംഗ് കൗൺസിലിനെ തന്നെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തി.

കോടതിയെ സമീപിച്ച് സർവകലാശാല

വിദ്യാർത്ഥികളിൽ നിന്ന് ഈടാകുന്ന ഫീസിന് ജി.എസ്.ടി 2017 മുതൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകിയതിന് പിന്നാലെ ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. വിദ്യാഭ്യാസത്തെ ജി.എസ്.ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.അഫിലിയേഷൻ പുതുക്കാൻ 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കാമെന്ന് കോളേജുകൾ 200രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണമെന്ന നിബന്ധന സർവകലാശാല ഒഴിവാക്കിയേക്കും.

Advertisement
Advertisement