ബൊമ്മനും ബെല്ലിക്കും അഭിമാനിക്കാം, രഘുവിന് ഇത് കുങ്കി പരിശീലനകാലം

Sunday 26 May 2024 12:00 AM IST

മസിനഗുഡി (തമിഴ്നാട്): മസിനഗുഡിയിലെ തെപ്പക്കാട് ആനപ്പന്തിയിൽ രഘുവെന്ന കുട്ടിക്കുറുമ്പന് ഇനി പഠനകാലം. തെപ്പക്കാട് ആനപ്പന്തിയിൽ ഏവരുടെയും ഓമനയായി വളർന്നവൻ എട്ടാം വയസിൽ പുതിയ പാഠങ്ങൾ പഠിച്ചുതുടങ്ങി.

ഊട്ടി സ്വദേശിനി കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'ദി എലിഫന്റ് വിസ്പറേഴ്സി'ലെ താരമാണ് രഘു. ചിത്രം ഓസ്കർ പുരസ്കാരം നേടിയതോടെ രഘുവും പ്രശസ്തിയിലേക്കുയർന്നു. അമ്മ നഷ്ടപ്പെട്ട ഈ കുട്ടിക്കൊമ്പനെ വളർത്താൻ വനം വകുപ്പ് ചുമതലപ്പെടുത്തിയത് തെപ്പക്കാടുള്ള വൃദ്ധദമ്പതികളായ ബൊമ്മനെയും ബെല്ലിയെയുമായിരുന്നു. ഇവർക്കൊപ്പം കളിച്ചുരസിക്കുന്നതിനിടെയാണ് ഒരു ദിവസം രഘുവിനെ കാർത്തികി കാണുന്നത്. അങ്ങനെ 'ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വചിത്രത്തിലെ നായകവേഷത്തിൽ രഘു എത്തിച്ചേർന്നു.

കാണാനെത്തിയവരിൽ

മുർമ്മുവും മോദിയും

രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ആനക്കുട്ടിയെയും അവനെ വളർത്തിയ വൃദ്ധദമ്പതികളെയും കാണാനെത്തിയിരുന്നു. അതോടെ തെപ്പക്കാട് ആനപ്പന്തിയും പ്രശസ്തമായി. ആനപ്പന്തിയിലെ മറ്റ് ആനകൾക്കൊപ്പമാണ് രഘുവിനും പരിശീലനം. സീനിയർ താപ്പാനകളായ ഇന്ദർ, അണ്ണാ, മുതുമല എന്നിവർ ആനപ്പന്തിയിൽ നിന്ന് വിരമിച്ചതോടെ പുതിയ കുങ്കികളെ പരിശീലിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് രഘുവിന് നറുക്കുവീണത്. രഘുവിനൊപ്പം കൃഷ്ണ (13),ഗിരി (15), മസിനി (17) എന്നീ ആനകളുമുണ്ട്. ആനച്ചട്ടങ്ങളാണ് ആദ്യം പഠിപ്പിക്കുന്നത്. കാട്ടാനകളെ മെരുക്കാനുള്ള കുങ്കിപരിശീലനം അവസാനത്തെ അദ്ധ്യായം. തോട്ടിയില്ലാതെ സ്നേഹത്തിന്റെ ഭാഷയിലാണ് പരിശീലനം. 120 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആനത്താവളത്തിൽ നിന്ന് നൂറുകണക്കിന് ആനകളാണ് കുങ്കികളായി പരിശീലിച്ചിറങ്ങിയത്. അരിക്കൊമ്പൻ, പി.ടി സെവൻ എന്നിവയടക്കം അപകടകാരികളായ ആനകളെ മെരുക്കുന്നതിന് നേതൃത്വം നൽകിയ കോന്നി സുരേന്ദ്രൻ ഇവിടെ നിന്നാണ് കുങ്കി പരിശീലനം നേടിയത്. നിലവിൽ 25 കുങ്കി ആനകളുണ്ട്. നാൽപ്പതോളം പാപ്പാന്മാ‌ർ അവരെ പരിശീലിപ്പിക്കുന്നു.

Advertisement
Advertisement