നെല്ല് സംഭരിച്ചതിന് 75 കോടി കുടിശ്ശിക; കർഷകർ കടക്കെണിയിൽ

Sunday 26 May 2024 12:01 AM IST

മലപ്പുറം: നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 75 കോടിയോളം രൂപ. സംഭരിച്ച നെല്ലിനുള്ള തുക കർഷകർക്ക് നൽകാൻ കാനറ, എസ്.ബി.ഐ ബാങ്കുകളുമായി സംസ്ഥാന സർക്കാർ കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ കടപരിധി കഴിഞ്ഞതാണ് തടസ്സം. നെല്ല് സംഭരിച്ച ശേഷം സപ്ലൈകോ കർഷകർക്ക് നൽകുന്ന പാഡി രസീത് സ്ലിപ്പ് (പി.ആർ.എസ് ) ബാങ്കുകളിൽ സമർപ്പിക്കുന്ന മുറയ്ക്ക് കർഷകർക്ക് തുക വായ്പയായി നൽകും. സർക്കാർ പിന്നീട് ഈ തുക ബാങ്കുകൾക്ക് തിരിച്ചുനൽകുകയാണ് ചെയ്യാറ്. ഈ സീസണിലേക്കായി ബാങ്കുകളുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള തുക നൽകികഴിഞ്ഞതിനാൽ ഇതിന് ശേഷം നെല്ല് നൽകിയ കർഷകരാണ് പ്രതിസന്ധിയിലായത്. കേന്ദ്ര സർക്കാരിന്റെ 21.83 രൂപയും സംസ്ഥാനത്തിന്റെ 6.49 രൂപയും അടക്കം 28.32 രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. പി.ആർ.എസ് നൽകി 15 ദിവസത്തിനകം പണം നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പാലിക്കാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. പി.ആർ.എസ് വായ്പയ്ക്കായി ചില കർഷകർ ബാങ്കുകളെ സമീപിച്ചപ്പോൾ ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും ആരോപണമുണ്ട്. കർഷകരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് അതത് ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ പറയുന്നു. ബാങ്കുകളിൽ നിന്നും സ്വകാര്യധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവർ കടക്കെണിയിലായിട്ടുണ്ട്.

മഴയിൽ പകച്ച് കർഷകർ

  • രൂക്ഷമായ വരൾച്ചയിൽ ഏറെ പ്രതിസന്ധികളെ നേരിട്ടാണ് ഇത്തവണ കർഷകർ വിളവെടുത്തത്. വരൾച്ച നെല്ലിന്റെ ഉത്പാദനത്തേയും ഗുണനിലവാരത്തേയും പ്രതികൂലമായി ബാധിച്ചു.
  • സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ട മില്ലുകൾ ഒരു കിന്റൽ നെല്ല് സംഭരിക്കുമ്പോൾ 68 കിലോ അരി തിരികെ നൽകണം. ഗുണമേന്മ കുറഞ്ഞ നെല്ലിൽ നിന്ന് ഇത്രത്തോളം അരി ലഭിക്കില്ലെന്നും കൂടുതൽ കിഴിവ് വേണമെന്നുമുള്ള ആവശ്യം മില്ലുകൾ ഉയർത്തിയിട്ടുണ്ട്.കൃത്യസമയത്ത് നെല്ല് സംഭരിക്കുന്നതിൽ നിന്ന് മില്ലുകൾ പിറകോട്ടുപോവാനും ഇത് കാരണമായിട്ടുണ്ട്.
  • വേനൽമഴ കനത്തതോടെ നെല്ല് സംഭരിക്കാത്ത ഇടങ്ങളിലെ കർഷകർ ദുരിതത്തിലാണ്. ഉണക്കി ചാക്കിലാക്കിയ നെല്ല് നനയാതെ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. നനഞ്ഞാൽ ഈർപ്പത്തിന്റെ പേരിൽ തൂക്കം കുറയ്ക്കുമെന്ന ആശങ്കയുണ്ട്.
  • 17 ശതമാനത്തിന് മുകളിൽ ഈർപ്പം കൂടിയാൽ വീണ്ടും ഉണക്കേണ്ടി വരും.

28.32 - ഒരുകിലോ നെല്ലിന് കർഷകർക്ക് ലഭിക്കുന്ന തുക.

21.83 - കേന്ദ്ര സർക്കാർ നൽകുന്ന തുക.

6.49 - സംസ്ഥാന സർക്കാർ നൽകുന്ന തുക.

Advertisement
Advertisement