കേരള ബാങ്കുകൾക്ക് 4,218 കോടി രൂപ ലാഭം

Sunday 26 May 2024 12:36 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപയായി ഉയർന്നു. ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ ലാഭം 24 ശതമാനം വർദ്ധിച്ച് 3,721 കോടി രൂപയിലെത്തി. തൃശൂരിലെ സൗത്ത് ഇന്ത്യൻ ബാങ്ക് 1,070 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. സി.എസ്.ബി ബാങ്ക് 151.5 കോടി രൂപയും ധനലക്ഷ്മി ബാങ്ക് 58 കോടി രൂപയും അറ്റാദായം നേടി.

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മേയ് മുതൽ ആറ് തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയതോടെ പലിശ മാർജിൻ ഗണ്യമായി മെച്ചപ്പെട്ടതാണ് ലാഭത്തിൽ കുതിപ്പുണ്ടാക്കിയത്.

അതേസമയം സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ബാങ്കുകൾക്ക് ലാഭം മെച്ചപ്പെടുത്താനായില്ല. ജനുവരി മുതൽ മാർച്ച് വരെ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 0.4 ശതമാനം ഉയർന്ന് 906.3 കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം ഇക്കാലയളവിൽ 14 ശതമാനം ഇടിഞ്ഞ് 287.56 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 3.1 ശതമാനം കുറഞ്ഞ് 151.5 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ ലാഭം 91 ശതമാനം കുറഞ്ഞ് 3.31 കോടിയായി.

പലിശ വരുമാനം കുതിക്കുന്നു

ഫെഡറൽ ബാങ്കിന്റെ പലിശ വരുമാനം മാർച്ച് പാദത്തിൽ 15 ശതമാനം ഉയർന്ന് 2,195 കോടി രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഇക്കാലയളവിൽ 874.67 കോടി രൂപയാണ് പലിശ ഇനത്തിൽ നേടിയത്. സി.എസ്.ബി ബാങ്കിന്റെ പലിശ വരുമാനം 11 ശതമാനം ഉയർന്ന് 387 കോടി രൂപയിലെത്തി. അതേസമയം ധനലക്ഷ്മി ബാങ്കിന്റെ പലിശ വരുമാനം 9 ശതമാനം കുറഞ്ഞ് 104.86 കോടിയായി.

കിട്ടാക്കടങ്ങൾ കുറയുന്നു

അവലോകന കാലയളവിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി(എൻ.പി.എ) 2.13 ശതമാനമായാണ് കുറഞ്ഞത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എൻ.പി.എ 5.14 ശതമാനമായാണ് കുറഞ്ഞത്. ധനലക്ഷ്മി ബാങ്കിന്റെ മൊത്തം എൻ.പി.എ 1.14 ശതമാനം കുറഞ്ഞ് 4.05 ശതമാനത്തിലെത്തി. സി.എസ്.ബി ബാങ്കിന്റെ എൻ.പി.എ 1.47 ശതമാനമാണ്.

Advertisement
Advertisement