വൈകിയെങ്കിലും വെറുതെയായില്ല, പെയ്തിറങ്ങിയത് 30% അധിക മഴ

Sunday 26 May 2024 12:02 AM IST
മഴ

കോഴിക്കോട്: മടിച്ചു മടിച്ചെത്തിയ വേനൽ മഴ ജില്ലയിൽ പെയ്തത് റെക്കാഡിലേക്ക്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക് പ്രകാരം 258.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 337.2 മില്ലിമീറ്റർ മഴ ലഭിച്ചത്. അതായത് 30 ശതമാനം അധിക മഴ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴയിൽ ​ഗണ്യമായ കുറവുണ്ടായിരുന്നെങ്കിലും മേയിൽ ശക്തമായ മഴയാണ് ജില്ലയിലെ പല ഭാഗങ്ങളിലും ലഭിച്ചത്. മാർച്ച്‌ ഒന്നു മുതൽ ഇന്നലെ വരെ 291.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 397.2 മി.മീ മഴ ലഭിച്ചു. 36 ശതമാനമാണ് കൂടുതൽ. ഇതിൽ 90 ശതമാനത്തിലേറെ ഈ മാസമാണ് പെയ്തത്. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കൊല്ലം, ഇടുക്കി ജില്ലകളിൽ കുറഞ്ഞു. മഴ കൂടുതൽ ലഭിച്ച ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ കുറവ് മഴയാണ് കോഴിക്കോടും വയനാടും ലഭിച്ചത്. അതേസമയം അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

@കർഷകരിൽ ആശങ്ക

കനത്തു പെയ്ത മഴ ഇതുവരെയുള്ള കുറവ് നികത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോഴും കർഷകർ ആശങ്കയിലാണ്. വേ​ന​ലി​ൽ പെ​യ്ത ആ​ദ്യ​മ​ഴ മു​ത​ൽ ​ത​ന്നെ ജി​ല്ല​യു​ടെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റോടുകൂടിയാണ് പെയ്തിറങ്ങിയത്. വേ​ന​ൽ ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യാ​ണ് കൃ​ഷി ന​ശി​ച്ച​തെ​ങ്കി​ൽ മഴയിൽ കുലച്ച വാ​ഴ​കൾ ഒ​ടി​ഞ്ഞു​വീ​ണു. ജി​ല്ല​യുടെ പ​ല ഭാഗങ്ങളിലും വാ​ഴ​കൃ​ഷി ധാ​രാ​ള​മു​ണ്ട്. ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ല​രും കൃ​ഷി ചെ​യ്തി​രുന്നത്. എന്നാൽ ശക്തമായ കാ​റ്റിലും മഴയിലും കൃഷി പാടെ നശിച്ചു. വേനൽ മഴ പ്രതീക്ഷിച്ച് വിരിപ്പു കൃഷിക്കായി പാടത്തു വിത്തു വിതച്ച നെൽ കർഷകരും സങ്കടത്തിലായി. പാടം മുഴുവൻ വെള്ളത്തിൽ മുങ്ങിയതോടെ വിത്തെല്ലാം ചീഞ്ഞു.

@ജില്ലയിൽ ഇന്നലെ ലഭിച്ച മഴ

കോഴിക്കോട്- 31.0 മില്ലി

കൊയിലാണ്ടി- 15 മില്ലി

വടകര-6 മില്ലി

@സംസ്ഥാനം- ലഭിച്ച മഴ- കൂടുതൽ

ആലപ്പുഴ-349.8- 45%

കണ്ണൂർ-191.3- 69

എറണാകുളം- 329- 67

ഇടുക്കി- 371.6- -15

കാസർഗോഡ്- 186.9- 50

കൊല്ലം- 370.9- 3

കോട്ടയം- 365.7- 53

മലപ്പുറം-244.4- 41

പാലക്കാട്-208.1- 56

തിരുവനന്ദപുരം- 321.4- 63

പത്തനം തിട്ട- 444.7- 39

തൃശീർ- 262.2- 48

വയനാട്- 213- 21

മാഹി- 202.2- 48

Advertisement
Advertisement