വ്യാപാരസ്ഥാപനങ്ങളുടെ താത്പര്യത്തിന്  തണൽമരം മുറിക്കരുത്: ഹൈക്കോടതി

Sunday 26 May 2024 2:51 AM IST

കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്ക് തടസമാകുന്നു,കെട്ടിടങ്ങളിൽ നിഴൽവീഴുന്നു തുടങ്ങിയ കാരണങ്ങളാൽ വഴിയോരത്തെ തണൽ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറി ഇതിനായി ഉത്തരവിറക്കണം. തണൽമരങ്ങൾ മതിയായ കാരണമില്ലാതെ വെട്ടാനാകില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്‌ണൻ നിർദ്ദേശിച്ചു.

പാലക്കാട്-പൊന്നാനി ദേശീയപാതയോരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിലെ മരങ്ങൾ വെട്ടിനീക്കണമെന്ന സ്വകാര്യ വ്യക്തികളുടെ ഹർജി ഹൈക്കോടതി തള്ളി. കേടുവന്ന മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രം മുറിക്കാമെന്നാണ് നിയമം. ഇക്കാര്യം തീരുമാനിക്കാൻ സമിതിയെ നിയോഗിക്കണം. കോടതിവിധി പ്രകാരമുള്ള ഉത്തരവിനായി പരാതിയുടെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയയ്‌ക്കാനും രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ മുസ്‌തഫ,ദാവൂദ്,സജീർ എന്നിവരാണ് ഹർജി നൽകിയത്. വനംവകുപ്പ് നട്ടുവളർത്തിയ മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരുന്നു. ചെലവ് വഹിക്കാമെന്നും മുറിച്ചുമാറ്റിയ മരങ്ങൾക്കുപകരം അവരുടെ വസ്‌തുവിൽ മരങ്ങൾ നടാമെന്നുമാണ് ഹർജിക്കാർ അറിയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ തള്ളിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മരങ്ങൾ മുറിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്തിയെന്നും 124 പേർ ഒപ്പിട്ട പരാതി പറളി പഞ്ചായത്തിന് നൽകിയെന്നും വനംവകുപ്പിന്റെ അഭിഭാഷകൻ അറിയിച്ചു. തണൽമരങ്ങൾ സംരക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിധിന്യായത്തിൽ
സുഗതകുമാരിയുടെ കവിതയും

''ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി,ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി..."" എന്ന സുഗതകുമാരിയുടെ കവിത ഉദ്ധരിച്ചാണ് വിധിന്യായം. പ്രകൃതിക്കായി ജീവിച്ച കവയിത്രിയെ മരം വെട്ടിനീക്കാനൊരുങ്ങുന്ന ഏതൊരാളും സ്‌മരിക്കും. കാരണമില്ലാതെ മരം മുറിക്കുന്നത് പ്രകൃതിയെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.-

Advertisement
Advertisement