98 കടകളിൽ പരിശോധന; 23 കടകൾക്ക് നോട്ടീസ് ഷവർമയിൽ 'ഷോ' വേണ്ട

Sunday 26 May 2024 12:02 AM IST
ഷവർമ്മ

 5 കടകൾക്ക് പിഴ

കോഴിക്കോട്: ഷവർമ്മ തയ്യാറാക്കുന്നതിലും വിൽക്കുന്നതിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ ആരംഭിച്ച പരിശോധന ഇന്നലെയും തുടർന്നു. 98 ഷവർമ കടകളിൽ പരിശോധന നടത്തി. 23 കടകൾക്ക് നോട്ടീസ് നൽകി. അഞ്ച് കടകൾക്ക് പിഴ ചുമത്തി. ഷവർമ തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.

 ലൈസൻസില്ലാത്ത കടകൾ അടപ്പിച്ചു

വടകരയിലെ ജിഞ്ചർ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നീ കടകൾ ലൈസൻസ് ഇല്ലാത്തതിനാൽ അടപ്പിച്ചു.

 വില്ലൻ മയോണൈസ്

ജില്ലയിൽ ഷവർമ കടകളിലെ പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിർമ്മാണ രീതിയാണെന്ന് അധികൃതർ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോൾ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്ന് മുതൽ 3.5 മിനിറ്റ് നേരം വരെ 6065 ഡിഗ്രി ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് മയോണൈസ് നിർമിക്കേണ്ടത്. ഷവർമ ഉണ്ടാക്കുന്നവരുടെ മെഡിക്കൽ ഫിറ്റ്‌നസും പ്രധാനമാണ്. ഷവർമ പാർസലായി നൽകുമ്പോൾ ഒരു മണിക്കൂറിനകം ഉപയോഗിക്കണം എന്നുള്ള ലേബൽ പതിച്ചായിരിക്കണം നൽകേണ്ടത്.

 മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

ഷവർമ സ്റ്റാൻഡിൽ കോണിൽ നിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ ഉണ്ടായിരിക്കണം

കത്തി വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം

പെഡൽ കൊണ്ട് നിയന്ത്രിക്കുന്ന വേസ്റ്റ് ബിന്നുകൾ ആകണം

ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയുറ ധരിക്കണം

ഷവർമ കോൺ ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കണം

കോണിലുള്ള ഇറച്ചി ആവശ്യമായ സമയം വേവിക്കണം.

എത്ര ബർണർ ആണോ ഉള്ളത്, അത് മുഴുവൻ പ്രവർത്തിപ്പിക്കണം

കോണിൽ നിന്ന് മുറിച്ചെടുക്കുന്ന ഇറച്ചി വീണ്ടും ബേക് ചെയ്‌തോ ഗ്രിൽ ചെയ്‌തോ മാത്രം നൽകണം.

ഉത്പ്പാദിപ്പിച്ച മയോണൈസ് അന്തരീക്ഷ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്

ഷവർമയ്ക്ക് ഉപയോഗിക്കുന്ന പച്ചക്കറികൾ ക്ലോറിൻ ലായനിയിൽ കഴുകി വൃത്തിയാക്കണം

നാല് മണിക്കൂർ തുടർച്ചയായ ഉത്പ്പാദനശേഷം കോണിൽ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കരുത്.

Advertisement
Advertisement