ബാർ കോഴ: നിയമസഭയിൽ യു.ഡി.എഫിന്റെ  സമര  ഊഴം

Sunday 26 May 2024 2:56 AM IST

തിരുവനന്തപുരം: ബാർ ഉടമകൾക്കനുകൂലമായി മദ്യനയത്തിൽ മാറ്റം വരുത്താൻ പണപ്പിരിവ് എന്ന ആരോപണം ഇടത് സർക്കാരിനെതിരെ നിയമസഭയിൽ ആളിക്കത്തിക്കാൻ യു.ഡി.എഫ്. പ്രതിപക്ഷ യുവജന സംഘടനകൾക്ക് പിന്നാലെ മുന്നണിയിലെ എല്ലാ കക്ഷികളും വെവ്വേറെ സമര രംഗത്തിറങ്ങും.

എക്‌സൈസ് മന്ത്രി എം.ബി രാജേഷിനും ഡ്രൈ ഡേ നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും എതിരെയാണ് പോർമുഖം തുറക്കുന്നത്. സമ്മേളനം ആരംഭിക്കുമ്പോൾ ത്തന്നെ നിയമസഭ സമരവേദിയാക്കും. മുഖ്യമന്ത്രിയെയും എൽ.ഡി.എഫിനെയും മുൾമുനയിൽ നിർത്താനാണ് ശ്രമം.

ക്രൈംബ്രാഞ്ച് അന്വേഷണത്തെ തള്ളുകയും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനൊപ്പം സമരം ആരംഭിക്കാനാണ് മുന്നണിയുടെ തീരുമാനം. യൂത്ത് കോൺഗ്രസ് ഇന്നലെ പാലക്കാട്ട് എക്സ്‌സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അടുത്തയാഴ്ച സെക്രട്ടേറിയറ്റ് മാർച്ചടക്കമുള്ള സമരപരിപാടികൾക്ക് യൂത്ത് കോൺഗ്രസ് രൂപം നൽകും.

ബാർ ഉടമകളുടെ സംഘടനാ പ്രതിനിധികളിൽ പലരും ഇടതുമുന്നണിയുമായി നേരിട്ട് ബന്ധമുള്ളവരാണെന്നും സി.പി.എമ്മുമായും സർക്കാരുമായും നേരിട്ട് ആശയവിനിമയം നടന്നിട്ടുണ്ടെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. ശബ്ദരേഖയിൽ കഴമ്പില്ലെങ്കിൽ എക്‌സൈസ് മന്ത്രിതന്നെ പരാതി നൽകിയത് എന്തിനാണെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി മുസ്തഫയെ പുറത്താക്കിയതിനുപിന്നിൽ ചില ബാറുടമകളുമായി വഴിവിട്ട ബന്ധമാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉയർന്ന ബാർ കോഴ ആരോപണത്തിൽ നിയമസഭ സമരവേദിയായപ്പോൾ കെ.എം മാണിയുടെ ബഡ്ജറ്റവതരണത്തിലടക്കം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇത്തവണ അവതരിപ്പിച്ച ബഡ്ജറ്റ് പാസാക്കുന്ന നടപടിക്രമത്തിലേക്ക് കടക്കാനിരിക്കേയാണ് നിയമസഭയിൽ എൽ.ഡി.എഫിനെതിരായ ബാർകോഴ സമരം.

Advertisement
Advertisement