മാണിക്ക് വിനയായതും അനിമോന്റെ ശബ്ദരേഖ

Sunday 26 May 2024 12:03 AM IST

തൊടുപുഴ: യു.ഡി.എഫ് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയ്ക്ക് കാരണമായതും ഇപ്പോഴത്തെ വിവാദനായകനായ ബാറുടമ അനിമോന്റെ ശബ്ദരേഖയായിരുന്നു. പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് കെ.എം. മാണി പണം വാങ്ങിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയത് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ അനിമോന്റെ 22 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദരേഖ പുറത്തുവിട്ടു കൊണ്ടായിരുന്നു. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് മാണി ആവശ്യപ്പെട്ടത് 30 കോടിയാണെന്നായിരുന്നു ശബ്ദരേഖ. അഞ്ചു കോടി രൂപ പാലായിലെ കെ.എം. മാണിയുടെ വീട്ടിലെത്തി പെട്ടിയിലാക്കി നൽകിയെന്ന് അനിമോൻ പറഞ്ഞതായാണ് ശബ്ദരേഖയിലുള്ളത്. ഈ അഞ്ച് കോടി അന്ന് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റുമായ സുനിൽകുമാറിന്റേതായിരുന്നുവത്രേ. അന്നത്തെ വിവാദത്തെ തുടർന്നാണ് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പിളർന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ രൂപംകൊണ്ടത്. ഈ സംഘടനയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു അനിമോൻ. കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കൃത്യമായി പണം പിരിച്ചു നൽകുന്നതിൽ വീഴ്ച വരുത്തിയ ഇടുക്കി, കൊല്ലം ജില്ലാ കമ്മിറ്റികളാണെന്ന് വിമർശനമുയർന്നിരുന്നു. സംഘടനയുടെ വിശ്വസ്തനായ അനിമോൻ ശബ്ദരേഖ പുറത്തുവന്ന് രണ്ട് ദിവസത്തിനുശേഷം ഇന്നലെ വൈകിട്ടാണ് പ്രതികരിക്കാൻ തയ്യാറായത്. ഫോൺ സ്വിച്ച് ഓഫായിരുന്നു. സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറും വെള്ളിയാഴ്ച ഇതേ വിശദീകരണം നൽകിയിരുന്നു. അനിമോൻ വെള്ളിയാഴ്ച മുതൽ എവിടെയാണെന്ന് സൂചനയില്ല. തൊടുപുഴ,​ പെരുമ്പാവൂർ, തൃശ്ശൂർ,​​ പാലക്കാട് എന്നിവിടങ്ങളിൽ ബാർ ഹോട്ടലുകളുണ്ട്. ജയകൃഷ്ണൻ എന്നാണ് യഥാർത്ഥ പേര്.

Advertisement
Advertisement