ബദൽ സ്മാർട്ട് മീറ്ററുമായി കെ.എസ്.ഇ.ബി

Sunday 26 May 2024 2:05 AM IST

തിരുവനന്തപുരം:കേന്ദ്രസർക്കാർ നിർദ്ദേശിച്ച സ്‌മാർട്ട് മീറ്ററിന് പകരം കെ.എസ്.ഇ.ബി സ്വന്തമായി തയ്യാറാക്കുന്ന ബദൽ പദ്ധതിയനുസരിച്ച് സ്മാർട്ട് മീറ്റർ നടപ്പാക്കും.

23ന് ചേർന്ന കെ.എസ്.ഇ.ബി.യുടെ ഫുൾ ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. ചെയർമാൻ സ്ഥാനത്തു നിന്ന് ഡോ.രാജൻ ഖോബ്രഗഡെയെ മാറ്റിയതിന് പിന്നാലെ, അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. സാധാരണ ചെയർമാൻ ഒഴിയുമ്പോൾ കെ.എസ്.ഇ.ബി. നിർണ്ണായക തീരുമാനങ്ങൾ എടുക്കാറില്ല. പുതിയ സി.എം.ഡി ബിജുപ്രഭാകർ ചുമതലയേറ്റിട്ടില്ല.

മുഴുവൻ ചെലവും സ്വകാര്യ കമ്പനി വഹിക്കുന്ന ടോട്ടക്‌സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കാനായിരുന്നു കേന്ദ്ര നിർദ്ദേശം. കേന്ദ്രധനസഹായവും ഉണ്ടായിരുന്നു. 37 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാണ് ഒരുങ്ങിയത്. കെ.എസ്.ഇ.ബി.യിലെ സംഘടനകൾ എതിർത്തതോടെ സർക്കാരും കെ.എസ്.ഇ.ബി.യും പിൻമാറി. സ്വന്തം നിലയ്ക്ക് നടപ്പാക്കാൻ കേന്ദ്രാനുമതി തേടി. ഇതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കെയാണ് ബദൽ തീരുമാനം. പൊതുമേഖലാസ്ഥാപനങ്ങളുടെ സഹായത്തോടെ സ്മാർട്ട് മീറ്റർ നിർമ്മിക്കാനും നടത്തിപ്പിനുള്ള സോഫ്റ്റ്‌വെയർ കെ.എസ്.ഇ.ബി തന്നെ തയ്യാറാക്കാനുമാണ് തീരുമാനം. ഇതിനായി കഴിഞ്ഞ നവംബറിൽ തുടങ്ങിയ ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല.

ആദ്യം സർക്കാർ ഓഫീസുകളിലും വ്യവസായ, ഹൈെടെൻഷൻ ഉപഭോക്താക്കൾക്കും ഉൾപ്പെടെ മൂന്നുലക്ഷം മീറ്ററുകൾ സ്ഥാപിക്കും. മീറ്റർ വില എത്രയെന്നതും ആത് ആരു നൽകണമെന്നതും നിർണായകമാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് മീറ്റർ വിലയുടെ ഒരു ഭാഗം വഹിക്കാനാവുമോ എന്നും ആലോചിക്കുന്നുണ്ട്.