അടയ്ക്ക വില 400 രൂപ; കർഷകർക്ക് ആശ്വാസം

Sunday 26 May 2024 12:20 AM IST
അടയ്ക്ക വിപണന കേന്ദ്രമായ ചാലിശ്ശേരിയിൽ ഇന്നലെ ലേലത്തിനായി എത്തിച്ച അടയ്ക്ക.

പട്ടാമ്പി: കേരളത്തിലെ പ്രധാന അടയ്ക്ക വിപണന കേന്ദ്രമായ ചാലിശ്ശേരിയിൽ അടയ്ക്ക വില കിലോയ്ക്ക് 400 രൂപയിലെത്തിയത് കർഷകർക്ക് ആശ്വാസമായി. ശനിയാഴ്ച പഴയ അടയ്ക്ക മാർക്കറ്റിന്റെ 71ാം വാർഷികത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി കർഷകരും വ്യാപാരികളുമായി 98 ടൺ അടയ്ക്കയാണ് ലേലത്തിന് എത്തിച്ചത്. കർഷകർക്ക് കിലോയ്ക്ക് 402 രൂപ വരെ വില ലഭിച്ചു. വൻ തോതിൽ അടയ്ക്ക എത്തിയതോടെ മാസങ്ങൾക്ക് ശേഷം ചുമട്ടുതൊഴിലാളികൾക്കും മികച്ച പണി ലഭിച്ചു. തുടർദിവസങ്ങളിൽ കൂടുതൽ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

 6 മാസമായി വിലയിടിവ്

വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഇറക്കുമതി തുടങ്ങിയതോടെ ആറ് മാസമായി രാജ്യത്ത് അടയ്ക്കവില ഇടിയുകയായിരുന്നു. കഴിഞ്ഞ നവംബർ വരെ കർഷകർക്ക് ഒരു കിലോ അടയ്ക്കക്ക് 500 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില താഴുകയാണുണ്ടായത്. ഡിസംബർ ആദ്യവാരത്തോടെ വില 460-470 രൂപയിലെത്തി. ഈ വർഷമാദ്യം 345-375 രൂപയായി വില കുറഞ്ഞു. പച്ചയടയ്ക്കയുടെ വില കിലോയ്ക്ക് 50 രൂപയും പഴുത്ത അടയ്ക്ക കിലോയ്ക്ക് 60 രൂപയായും കുറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് 600 രൂപ വരെ ലഭിച്ചിടത്തു നിന്നാണ് വില കൂപ്പുകുത്തിയത്. വില ഇനിയും കൂടിയേക്കുമെന്ന കണക്കുകൂട്ടലിൽ കഴിഞ്ഞ വർഷം വൻതോതിൽ അടയ്ക്ക കരുതിവച്ച കർഷക‌ർക്കും വിലയിടിവ് തിരിച്ചടിയായി. മഹാളിയും മഞ്ഞളിപ്പും മൂലം സംസ്ഥാനത്ത് അടയ്ക്ക ഉല്പാദനം കുറഞ്ഞതിനിടെയാണ് ഇരുട്ടടിയായി വിലയും താഴ്ന്നത്. ഇപ്പോൾ നീണ്ട ഇടവേളയ്ക് ശേഷം വില വീണ്ടും ഉയർന്നത് കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷയേകുകയാണ്.

നവംബർ - 500 രൂപ

ഡിസംബർ-460-470

ഏപ്രിൽ- 345-375

Advertisement
Advertisement