തരംതിരിച്ച് നൽകാൻ മടി പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യത്തിന്റെ അളവ് കൂടുന്നു

Sunday 26 May 2024 12:21 AM IST
waste

പാലക്കാട്: വീടുകളിൽ നിന്ന് ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യത്തിന്റെ അളവ് കൂടുന്നു. വീടുകളിൽ നിന്ന് ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും അല്ലാത്തവയുമെല്ലാം കൂടിക്കുഴഞ്ഞ് പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യത്തിന്റെ അളവ് കൂടുന്നത് മാലിന്യ സംസ്‌കരണത്തെയും പ്രതിസന്ധിയിലാക്കുകയാണ്. മിക്കവീടുകളിൽ നിന്നും മാലിന്യം ഒരു ചാക്കിലാക്കി കൈമാറുന്നതാണ് തലവേദനയാകുന്നത്. ഇതിൽ നാപ്കിൻ മുതൽ ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെ ഉണ്ടാകാറുണ്ട്. ഇവ തരംതിരിക്കുക പ്രായോഗികമല്ലാത്തതിനാലാണ് പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യത്തിന്റെ അളവ് കൂടിയത്. ഇതോടെ മിക്ക മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലും പുനഃരുപയോഗിക്കാനാകാത്ത മാലിന്യം കുമിഞ്ഞു കൂടുകയാണ്.

1,093 ടൺ പുനരുപയോഗിക്കാനാകാത്ത മാലിന്യമാണ് 2022 - 23 വർഷത്തിൽ പാലക്കാട്ടെ വിവിധ തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. 2023 - 24 കാലഘട്ടത്തിൽ ഇത് 3,121 ടണ്ണായി വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 മാലിന്യം നീക്കാൻ ചെലവേറെ

ക്ലീൻ കേരള കമ്പനിക്കു പുറമേ, സ്വകാര്യ കമ്പനികളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യമെടുക്കുന്നുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്ന് തുക മാറ്റിവെച്ചാണ് നീക്കം ചെയ്യുന്നത്. കിലോഗ്രാമിന് 10 രൂപ നൽകിയാണ് ഇവ നീക്കുന്നത്. 25 ലക്ഷം രൂപവരെ ഇതിനായി നീക്കിവെച്ച പഞ്ചായത്തുകളുമുണ്ട്. ഇത്രയും ഭീമമായ തുക തനതുഫണ്ടിൽ നിന്ന് മാറ്റുമ്പോൾ പഞ്ചായത്തിലെ മറ്റു വികസനപദ്ധതികളെ ബാധിക്കുന്നുണ്ട്.

 തരംതിരിക്കൽ വീടുകളിൽ നടക്കണം

പ്ലാസ്റ്റിക് മാലിന്യത്തിന്റെയും മറ്റുള്ളവയുടെയും പ്രാഥമിക തരംതരിക്കൽ വീടുകളിൽ തന്നെ നടന്നാൽ മാത്രമേ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുകയുള്ളൂ. പ്ലാസ്റ്റിക് വസ്തുകൾ ഒരു ചാക്കിലും പുനരുപയോഗിക്കാൻ കഴിയാത്തവയായ ചെരുപ്പ്, ബാഗ്, തുണികൾ തുടങ്ങിയവ മറ്റൊരു ചാക്കിലാക്കിയുമാണ് പ്രാഥമിക തരംതിരിക്കൽ നടത്തേണ്ടത്.

Advertisement
Advertisement