മൊബൈൽ, ഇന്റർനെറ്റ് അടിമത്തം: 14 മാസത്തിനിടെ 'ഡി-ഡാഡ്' മോചിപ്പിച്ചത് 130 കുട്ടികളെ

Sunday 26 May 2024 12:55 AM IST

കൊല്ലം: മൊബൈൽ, ഇന്റർനെറ്റ് അടിമത്വത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതി ആരംഭിച്ച് 14 മാസം പിന്നിട്ടിരിക്കെ, ഇതുവരെ കൗൺസലിംഗിലൂടെ മോചിപ്പിച്ചത് 130 കുട്ടികളെ. ഭൂരിഭാഗവും 15 വയസിൽ താഴെയുള്ളവർ. കൂടുതലും ആൺകുട്ടികൾ. മൊബൈൽ ഗെയിം അഡിക്ഷനാണ് ഇവരിൽ ഭൂരിഭാഗത്തിനും. ഒറ്റയ്ക്ക് കളിക്കുന്ന ഗെയിമിനേക്കാൾ കൂട്ടമായി കളിക്കുന്ന ഗെയിമുകൾക്കാണ് ഇവർ അടിപ്പെടുന്നത്. ബാറ്റിൽ ഗ്രൗണ്ട്, ഫ്രീഫയർ എന്നീ ഗെയിമുകളോടാണ് പ്രിയമേറെ.

ചാമക്കട മാർക്കറ്റിന് സമീപം പഴയ ട്രാഫിക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് ജില്ലയിൽ ഡി- ഡാഡ് കേന്ദ്രം പ്രവർത്തിക്കുന്നത്. 15 വയസിൽ താഴെയുള്ള പെൺകുട്ടികളിൽ കൂടുതൽപേരും സാമൂഹികമാദ്ധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവരാണെന്ന് കൗൺസലിംഗിൽ വ്യക്തമായി. പലരും കൂടുതൽ സമയവും ഇൻസ്റ്റഗ്രാമിലാണ്. 18 വയസിന് മുകളിലുള്ളവരുടെ അഡിക്ഷൻ മാറ്റാൻ വീട്ടിലെത്തിയാണ് കൗൺസലിംഗ് നടത്തുന്നത്. 18 വയസുവരെയുള്ളവർക്ക് കൗൺസലിംഗ് സൗജന്യമാണ്. ആദ്യ സെഷൻ കൗൺസലിംഗ് പൂർത്തിയാക്കിയവരെ പിന്നീട് വീണ്ടും വിളിച്ച് കാര്യങ്ങൾ തിരക്കും.

രാജ്യത്തുതന്നെ ആദ്യമായി, 2023 മാർച്ചിലാണ് കേരള പൊലീസിലെ സോഷ്യൽ പൊലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. ലോക്ഡൗൺ കാലമാണ് കുട്ടികളെ മൊബൈലിലേക്കും ഇന്റർനെറ്റിലേക്കും കൂടുതൽ അടുപ്പിച്ചതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ചേർന്ന് കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്.

കൗൺസലിംഗ് വിവരങ്ങൾ രഹസ്യം

 കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

 സ്വകാര്യതയെ ബാധിക്കുന്ന ഒരു വിവരവും പുറത്തുവിടില്ല

 സെന്ററുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരും പ്രോജക്ട് കോ-ഓഡിനേറ്റർമാരും

 ഇവർക്ക് പുറമേ പൊലീസ് കോ-ഓഡിനേറ്റർമാർ

 അദ്ധ്യാപകരുടെ സഹായത്തോടെ കണ്ടെത്തിയും ബോധവത്കരണം

ഓഫീസ് സമയം

രാവിലെ 10 മുതൽ 5 വരെ

ഫോൺ: 0474-2919931

ഓരോ സ്‌കൂളിലും ഓരോ കൗൺസിലർമാരാണ് ബോധവത്കരണം നടത്തുന്നത്. രക്ഷിതാക്കൾ നേരിട്ട് വിളിച്ചും പൊലീസ് സ്‌റ്റേഷൻ വഴിയും കുട്ടികളെ കൗൺസലിംഗിന് എത്തിക്കുന്നുണ്ട്.

സോഷ്യൽ പൊലീസിംഗ് വിഭാഗം അധികൃതർ

Advertisement
Advertisement