കോഴിയിറച്ചിയെക്കാള്‍ വിലക്കുറവില്‍ ലഭ്യം, മലയാളിക്ക് വിശ്വസിച്ച് കഴിക്കാം ഈ മീന്‍

Sunday 26 May 2024 1:20 AM IST

ആലപ്പുഴ : ചക്രവാതച്ചുഴിയും കടൽക്ഷോഭവും കാരണം മത്സ്യക്ഷാമം രൂക്ഷമായ ആലപ്പുഴ തീരത്തിന് ആശ്വാസമായി മത്തിയെത്തി. ശനിയാഴ്ച അമ്പലപ്പുഴ, പുറക്കാട്, കരൂർ ഭാഗങ്ങളിൽ നിന്ന് പൊന്തുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയവർക്കാണ് വലനിറയെ മത്തി ലഭിച്ചത്.

കടൽക്ഷോഭവും മഴയും കാരണം ദിവസങ്ങളായി പണിയില്ലാതെ പട്ടിണിയിലായിരുന്ന പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് വലനിറഞ്ഞെത്തിയ മത്തി വലിയ ആശ്വാസമായി. കിലോയ്ക്ക് 200 രൂപ നിരക്കിലായിരുന്നു ദേശീയപാതയോരത്തെ വിൽപ്പന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി പെയ്യുന്ന മഴയും ചൂട് കുറഞ്ഞതുമാണ് മത്തികൂട്ടത്തോടെ ലഭിക്കാൻ ഇടയാക്കിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചാകരയുടെ മുന്നോടിയാണ് മത്തിയുടെ വരവെന്നും കരുതുന്നു

ചിക്കൻ @ 290

പക്ഷിപ്പനിയെതുടർന്ന് കോഴി, താറാവ് ഇറച്ചിയ്ക്കും മുട്ടയ്ക്കുമേർപ്പെടുത്തിയ നിയന്ത്രണം തുടരവേ ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയർന്നു. കിലോഗ്രാമിന് 290 രൂപയാണ് ജില്ലയിലെ ചില്ലറ വിൽപ്പനവില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോരിച്ചൊരിയുന്ന മഴയെ തുടർന്ന് മത്സ്യം കിട്ടാതായതോടെ വീട്ടുകാരും ഹോട്ടലുകാരുമുൾപ്പെടെ കോഴിയിറച്ചി വിൽപ്പന കേന്ദ്രങ്ങളിലേക്ക് പാഞ്ഞത് പലയിടത്തും കോഴിക്ഷാമത്തിനും കാരണമായി. രോഗബാധിത മേഖലകൾക്ക് പത്ത് കിലോമീറ്റർ ചുറ്രവളവിലേക്ക് കോഴി, താറാവ്, മുട്ട എന്നിവയെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം നിലനിൽക്കുന്നത് ജില്ലയിലേക്കുള്ള കോഴിവരവിനെയും ബാധിച്ചിട്ടുണ്ട്. ചിക്കൻ വില കുതിച്ചുയർന്നതോടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്കും വിലയേറി.

.........................................

പച്ചക്കറിയ്ക്ക് തീവില,

കിറ്റ് കിട്ടില്ല

മത്സ്യക്ഷാമത്തിന് പിന്നാലെ പച്ചക്കറി വിപണിയിലും വില കുതിച്ചുകയറി. കടുത്ത വരൾച്ചയെ തുടർന്ന് നാടൻ പച്ചക്കറികൾ കരിഞ്ഞുണങ്ങുകയും തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറയുകയും ചെയ്തതോടെയാണ് ആലപ്പുഴയിൽ നഗരത്തിലും നാട്ടിൻ പുറങ്ങളിലും പച്ചക്കറി വില ഉയർന്നത്. വിലയും സാധനങ്ങൾക്കുള്ള ക്ഷാമവും കാരണം കച്ചവടക്കാർ കിറ്റ് വിതരണം നിർത്തി. ചുരുക്കം ചില പച്ചക്കറികൾക്കൊഴികെ കഴിഞ്ഞ ആഴ്ചകളിലേക്കാൾ വില വർദ്ധിച്ചിട്ടുണ്ട്. ബീൻസിനാണ് ഏറ്രവും വില കൂടിയത്. പച്ചമുളകിന് കിലോയ്ക്ക് 100 മുതൽ 110 രൂപവരെയായിരുന്നു നഗരത്തിലെ മാർക്കറ്റ് വില.

പച്ചക്കറി, ഇന്നലത്തെ വില, കഴിഞ്ഞയാഴ്ച എന്ന ക്രമത്തിൽ

ബീൻസ്........130...80

തക്കാളി........60.....40

പച്ചമുളക്....110....60

വെളളരി.......40.....35

വെണ്ടയ്ക്ക ......60.....50

പടവലം.........70.....50

പാവയ്ക്ക.........80......45

കോവയ്ക്ക.......60.....30

സവാള.........30.....30

കിഴങ്ങ്........35......35

കത്തിരിക്ക..35....35

കാരറ്റ് .........55..... 70

കാബേജ്......45.....40

പയർ...........40......60

മുരിങ്ങയ്ക്ക.....40....70

മഴ ശക്തമായതോടെ മീനില്ലാത്തത് പച്ചക്കറിയുടെ ആവശ്യകത വർദ്ധിപ്പിച്ചു. വരൾച്ചയിൽ നാടൻ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. കാലവർ‌ഷം കൂടി വരുന്നതോടെ വില വീണ്ടും കൂടാനാണ് സാദ്ധ്യത

- ഷാജഹാൻ, പച്ചക്കറിവ്യാപാരി ആലപ്പുഴ

Advertisement
Advertisement