നബാർഡ് ചെയർമാന് കാർഷിക ഡോക്ടറേറ്റ്: ഗവർണക്ക് പരാതി

Sunday 26 May 2024 1:36 AM IST

തിരുവനന്തപുരം: നബാർഡ് ചെയർമാൻ കെ.വി.ഷാജിക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള കാർഷിക സർവകലാശാലയുടെ തീരുമാനം തടയണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. കാർഷിക ശാസ്ത്ര മേഖലയ്ക്ക് യാതൊരു സംഭാവനകളും നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. 29ന് വെള്ളായണി കാർഷിക കോളേജിലെ ബിരുദദാന ചടങ്ങിൽ ഡോക്ടറേറ്റ് നൽകാനാണ് തീരുമാനം. ശാസ്ത്രമേഖലയിൽ മികവ് കാട്ടുന്നവർക്ക് നൽകുന്നതാണ് ഡി.എസ്‌.സി ബിരുദം. കാർഷിക ശാസ്ത്രജ്ഞനല്ലാത്ത ഒരു ധനകാര്യ സ്ഥാപനത്തിന്റെ തലവന് ഇത് നൽകുന്നത് അക്കാഡമിക് കൗൺസിലിന്റെയും ജനറൽ കൗൺസിലിന്റെയും അജൻഡയിൽ പറഞ്ഞിരുന്നില്ല. രാഷ്ട്രീയ താത്പര്യം മുൻനിറുത്തി അത് മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 26 വർഷം കാനറ ബാങ്കിലും തുടർന്ന് ഗ്രാമീൺ ബാങ്കിലും ഉന്നത പദവികൾ വഹിച്ചിരുന്ന ഷാജിയെ ഒന്നര വർഷം മുൻപാണ് കേന്ദ്ര സർക്കാർ നബാർഡിന്റെ ചെയർമാനായി നിയമിച്ചത്.