ഉത്പാദനത്തിൽ ഇടിവ് ; നാടൻ മാങ്ങകൾക്ക് വില കൂടി

Sunday 26 May 2024 1:41 AM IST

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം കാരണം ഉത്പാദനത്തിൽ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് നാടൻ ഇനത്തിൽപ്പെട്ട മാങ്ങകൾക്ക് വില കൂടി. മഴ ശക്തമായതിനാൽ മാങ്ങ ശേഖരിക്കാനും നിവർത്തിയില്ല. മഴയത്ത് അടർത്തിയെടുന്ന മാങ്ങ പഴുപ്പിച്ചാലും കറുത്തുപോകുന്ന സ്ഥിതിയാണ്.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മാവുകൾ പൂക്കാൻ വൈകുന്നതും മഴ കാരണം പൂക്കൾ കൊഴിഞ്ഞുപോകുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

കേരളത്തിന്റെ മാംഗോ സിറ്റിയായ മുതലമടയിൽ മാമ്പഴ ഉത്പാദനം കുത്തനെ കുറഞ്ഞു. ഇത്തവണ 50 ശതമാനത്തിലേറേ കുറവുണ്ടായിട്ടുണ്ട്. വിദേശത്തേക്കുള്ള കയറ്റുമതിയും നിലച്ച സ്ഥിതിയാണ്. ചെമ്മണാംപതി മുതൽ എലവഞ്ചേരി വരെ 5000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മാമ്പഴത്തോട്ടങ്ങളാണ് മുതലമടയിലുള്ളത്. സീസണിൽ ഒരുലക്ഷം ടൺ മാമ്പഴം ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 1000 ടൺ കിട്ടുന്നില്ലെന്നാണ് കണക്കുകൾ. കീടബാധയും ഉത്പാദനത്തെ ബാധിച്ചെന്ന് കർഷകർ പറയുന്നു. മഴ തുടരുകയാണെങ്കിൽ നാടൻ മാങ്ങകൾക്ക് ഇനിയും വിലകൂടാനാണ് സാദ്ധ്യത.

ഇനം ----------- വില

കോട്ടുക്കോണം -200 കപ്പ മാങ്ങ ---------150 പഞ്ചാര വരിക്ക ---100 പുളിശ്ശേരി മാങ്ങ---100

മൽഗോവ - 80 നാടൻ മാങ്ങ ----80 പഞ്ചവർണം ---80 സിന്ദൂരം ----75