അമൃത് ഭാരതിൽ മുഖം മിനുക്കാൻ പുനലൂർ റെയിൽവേ സ്റ്റേഷൻ

Sunday 26 May 2024 2:02 AM IST

പുനലൂർ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുനലൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനാക്കി മാറ്റാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ പുനലൂർ ചൗക്ക റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള തകർന്ന പാത ആധുനിക രീതിയിൽ നവീകരിച്ച് മോടിപിടിപ്പിക്കുന്ന ജോലികളാണ് ആരംഭിച്ചത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ ദൂരത്തിലാണ് പാത നവീകരിക്കുന്നത്. ഇതിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പേ സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ സ്റ്റേഷൻ വളപ്പിനോട് ചേർന്ന റോഡിന്റെ ഒരു ഭാഗം സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മറുവശത്ത് ചെറിയ സംരക്ഷണ ഭിത്തി കെട്ടുകയും പഴയ ടാറിംഗും കോൺക്രീറ്റും ഉൾപ്പെടെ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് പാത പുനർനിർമ്മാണം ആരംഭിച്ചത്.

ഇതോടെ പനലൂർ ചൗക്ക - റെയിൽവേ സ്റ്റേഷൻ റോഡിൽ കാൽനട യാത്ര ദുഷ്ക്കരമായി. ഒപ്പം ഗതാഗതക്കുരുക്കും രൂക്ഷമാണ്.

മധുര റെയിൽവേ ഡിവിഷനിലെ കൊല്ലം-ചെങ്കോട്ട പാതയിൽ നിലവിൽ കേരളത്തിൽ നിന്ന് അമൃത് ഭാരത് പദ്ധതിയിൽ പരിഗണിച്ച ഏക റെയിൽവേ സ്റ്റേഷനാണ് പുനലൂർ സ്റ്റേഷൻ.

പുനലൂർ സ്റ്റേഷന് പുറമെ തമിഴ്നാട്ടിലെ തെങ്കാശി, തിരുച്ചെന്തൂർ, അംബാസമുദ്രം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

 അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

 യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ പ്രവേശന കവാടം

 സ്റ്റേഷൻ സൗന്ദര്യവത്കരണം

 മറ്റ് അനുബന്ധ ജോലികൾ

 റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള റോഡ് നവീകരണം

അടങ്കൽ തുക ₹ 46.87 ലക്ഷം

ഏഴു ഘട്ടങ്ങളായി നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റെയിൽവേ അധികൃതർ

Advertisement
Advertisement